ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

ഈ ആഴ്ച ആദ്യം രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പെർത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമാകും. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ചേരുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം കൂടുതൽ സമയം ആവശ്യമാണെന്ന് രോഹിത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചതായി റിപ്പോർട്ടുണ്ട്.

രോഹിതിൻ്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക പരമ്പരയിൽ രോഹിതിൻ്റെ ലഭ്യത സംബന്ധിച്ച് ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഈ അറിയിപ്പ്. പെർത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ അണിനിരക്കുന്ന വെല്ലുവിളി നിറഞ്ഞ മത്സരങ്ങളിൽ ബുംറയുടെ നേതൃത്വപരമായ കഴിവുകളിൽ സെലക്ടർമാർ വിശ്വാസം പ്രകടിപ്പിച്ചു.

“അദ്ദേഹം (രോഹിത്) യാത്ര ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ കുറച്ച് സമയം കൂടി ആവശ്യമുള്ളതിനാൽ ഇപ്പോൾ പോകാൻ കഴിയില്ലെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചു. അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം മത്സരമായ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിനായി അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഒന്നും രണ്ടും ടെസ്റ്റുകൾ തമ്മിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. അതിനാൽ രോഹിതിന് കൃത്യസമയത്ത് അവിടെയെത്താൻ കഴിയും.” ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

രോഹിതിൻ്റെ അഭാവത്തിൽ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്ന ദേവദത്ത് പടിക്കലിനെ ടീമിലെത്തിക്കാൻ സെലക്ടർമാർ തീരുമാനിച്ചു. പെർത്തിലെ ഓപസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ടീമിൽ ക്യാപ്റ്റന് പകരം 18 അംഗ ടീമിൽ പടിക്കലിനെ ഉൾപ്പെടുത്തും.