ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ടെസ്റ്റ് പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസം ഇത്തവണ ഇന്ത്യക്കില്ലെന്നും പരമ്പരയ്ക്കു മുമ്പ് നടത്തേണ്ടിയിരുന്ന തയ്യാറെടുപ്പ് ഇന്ത്യന്‍ ടീം നടത്തിയിട്ടില്ലെന്നും ബാസിത് അലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇപ്പോള്‍ വളരെ കുറവാണ്. അവര്‍ വളരെ രഹസ്യമായിട്ടാണ് ഓസ്ട്രേലിയയില്‍ പരിശീലനം നനടത്തിക്കൊണ്ടിരിക്കുന്നത്. ഈ പരമ്പരയ്ക്കു മുമ്പ് നടത്തേണ്ടിയിരുന്ന തയ്യാറെടുപ്പ് ഇന്ത്യന്‍ ടീം നടത്തിയിട്ടില്ല.

ഒരു പരമ്പരയ്ക്കായി നിങ്ങള്‍ 12 ദിവസങ്ങള്‍ മുമ്പോ, 12 മാസങ്ങള്‍ക്കു മുമ്പോ ഓസ്ട്രേലിയയിലെത്തുന്നത് വലിയ കാര്യമല്ല. ഇതല്ല ശരിയായ വഴി. അവരുടെ ബൗളിങിനെ അതിജീവിക്കണമെങ്കില്‍ ഓസ്ട്രേലിയയില്‍ നിങ്ങള്‍ മല്‍സരങ്ങള്‍ കളിച്ചേ തീരൂ.

മികച്ച ഫോമിലുള്ള ധ്രുവ് ജുറേലിനെ ഇന്ത്യ ഉറപ്പായിട്ടും കളിപ്പിക്കണമെന്നതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം. ആരാണോ ടീമില്‍ ഫോമിലുള്ളത് അയാളെ ഓസ്ട്രേലിയയില്‍ കളിപ്പിക്കണം. അതുകൊണ്ടുതന്നെ ജുറേലിനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയും വേണം. നല്ല ധൈര്യശാലിയായ താരമാണ് അവന്‍, കട്ട്, പുള്‍ ഷോട്ടുകള്‍ നന്നായി കളിക്കുകയും ചെയ്യും- അലി പറഞ്ഞു.