ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍, മൂന്ന് താരങ്ങളെ ഒഴിവാക്കി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഡിസംബര്‍ 6 മുതല്‍ ഇരു ടീമുകളും ഡേ-നൈറ്റ് ടെസ്റ്റില്‍ മത്സരിക്കും. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേര്‍ന്നു. വിരലിന് പരിക്കേറ്റ് പെര്‍ത്ത് മത്സരത്തില്‍നിന്ന് വിട്ടുനിന്നതിന് ശേഷം ശുഭ്മാന്‍ ഗില്ലും പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രവചിച്ചു. ദേവദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിവര്‍ക്ക് പകരം രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിംഗ് ക്രമം മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രോഹിതിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് റോളിലിറങ്ങിയ രാഹുല്‍ ആറാം നമ്പര്‍ സ്ലോട്ടിലേക്ക് മാറ്റപ്പെടുമെന്ന് ഗവാസ്‌കര്‍ കരുതുന്നു.

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുന്നതോടെ രണ്ട് മാറ്റങ്ങളുണ്ടാകും. ഓപ്പണിംഗ് സ്ലോട്ടില്‍ രാഹുലിന് പകരം രോഹിത് ഇറങ്ങുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറും മാറും. ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തെത്തും. പടിക്കല്‍, ജൂറല്‍ എന്നിവരെ ഒഴിവാക്കി രാഹുല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യും. വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റിനുള്ള ഗവാസ്കറുടെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍

രോഹിത് ശര്‍മ്മ (c), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.