ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര് പൂജാരയുടെയും അധ്യായങ്ങള്‍ അവസാനിപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇരുവരും ടീമിന്റെ ഭാഗ്യമല്ല. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരെയും സെലക്ടര്‍മാര്‍ ഒഴിവാക്കി. ഇവര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് ചോപ്ര പറയുന്നത്.
സ്‌ക്വാഡ് പ്രതീക്ഷിച്ച ലൈനിലാണ്. അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ അധ്യായം അവസാനിച്ചതായി എനിക്ക് തോന്നുന്നു. പൂജാരയെയും രഹാനെയും ടീമിലെടുക്കുമായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്. അതായിരുന്നു അവര്‍ രണ്ടുപേരുടെയും അവസാന അവസരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തഴഞ്ഞതോടെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവരുടെ അധ്യായം അടഞ്ഞു കഴിഞ്ഞുവെന്ന് വ്യക്തമായതാണ്.
പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും റണ്‍സടിച്ചുകൂട്ടുമെന്നുറപ്പാണ്. കാരണം പൂജാര റണ്‍സടിക്കുന്നത് ഇന്ത്യന്‍ ടീം സെലക്ഷന് വേണ്ടി മാത്രമല്ല. പകുതിയിലേറെ താരങ്ങളും അങ്ങനെയാണെങ്കിലും പൂജാര അങ്ങനെയല്ല. ബാറ്റ് ചെയ്യുക എന്നത് അദ്ദേഹത്തിന് ഒരു തപസ്യയാണ്. ബാറ്റിംഗ് അത്രയേറെ അദ്ദേഹം ഇഷ്ടപ്പെടുന്നു.
ഒരുപക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം 100 സെഞ്ചുറികള്‍ നേടാനും സാധ്യതയുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ത്തേക്കാം. പക്ഷെ അപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് പൂജാരക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ല- ചോപ്ര പറഞ്ഞു.