വാതുവെയ്പുകര്‍ ഒത്തുകളിക്ക് ആവശ്യപ്പെട്ട് സമീപിച്ചതും പണം നല്‍കിയതും സമയത്ത് അറിയിച്ചില്ലെന്ന കുറ്റത്തിന് സിംബാബ്‌വേയുടെ മുന്‍ നായകന്‍ ബ്രന്‍ഡന്‍ ടെയ്‌ലര്‍ക്ക് മുന്നര വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി.
ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ സമീപിച്ച് മയക്കുമരുന്നും മറ്റും നല്‍കി ബ്‌ളാക്ക് മെയില്‍ ചെയ്ത് ഒത്തുകളിക്കാന്‍ നിര്‍ബ്ബന്ധിച്ചെന്നും അവരില്‍ നിന്നും പണം കൈപ്പറ്റിയെന്നുമായിരുന്നു ബ്രന്‍ഡന്‍ ടെയ്‌ലര്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍.
ഐസിസിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചത് ഉള്‍പ്പെടെ നാലു കുറ്റങ്ങള്‍ ചുമത്തിയാണ് താരത്തിന് വിലക്ക് ഐസിസി ഏര്‍പ്പെടുത്തിയത്. 284 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 2004 നും 2021 നും ഇടയില്‍ 17 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,938 റണ്‍സ് നേടുകയും ചെയ്തിട്ടുള്ളയാളാണ്.
ഈ ആഴ്ച ആദ്യമായിരുന്നു ടെയ്‌ലര്‍ സാമൂഹ്യ മാധ്യമം വഴി തുറന്നു പറച്ചില്‍ നടത്തിയത്. 2019 ഒക്‌ടോബര്‍ സിംബാബ്‌വേയില്‍ ഐപിഎല്‍ മാതൃകയില്‍ ഒരു ലീഗ് സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നു പറഞ്ഞ് വിളിച്ച വാതുവെയ്പ്പുകാരന്‍ 15,000 ഡോളര്‍ നല്‍കി ഒത്തുകളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്.