യുവരാജിന്റെ ബാറ്റില്‍ നിന്ന് തൊടുത്ത് വിട്ട ആ ആറാമത്തെ സിക്‌സറും നോക്കി നിസ്സഹായനായി നിന്ന ബ്രോഡിന്റെ മുഖം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.. ഒരു ബോളറേ സംബന്ധിച്ച് തന്റെ കരിയര്‍ തന്നെ ചോദ്യം ചെയ്യപെടാന്‍ പോന്ന ആ ദിവസത്തെ അയാള്‍ എങ്ങനെയാവും തരണം ചെയ്തിട്ടുണ്ടാവുക എന്നോര്‍ത്ത് ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട്..
പക്ഷെ ആ ദിവസത്തിന് അപ്പുറവും ഇപ്പുറവും അയാള്‍ കാണിച്ചത് അത്ഭുതങ്ങളല്ലായിരുന്നു,
അതത്രയും അയാളുടെ അപാരമായ മനസ്സുറപ്പും നിശ്ചയദാര്‍ഢ്യവുമായിരുന്നു.. തന്നെ ഓരോവറിലെ എല്ലാ പന്തുകളും സിക്‌സറിന് പറത്തിയ യുവരാജ് സിംഗ് തന്നെ അത് കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് നേടിയതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്,
‘ഞാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് പറയുമ്പോള്‍ എല്ലാം ആളുകള്‍ ഞാന്‍ അദ്ദേഹത്തെ ആറു സിക്‌സ് അടിച്ചതിനെ കുറിച്ചാണ് ആലോചിക്കുക എന്ന് എനിക്ക് അറിയാം. പക്ഷേ ഇന്നത്തെ ദിവസം ഞാന്‍ എന്റെ എല്ലാ ആരാധകരോടും ബ്രോഡിന് വേണ്ടി കയ്യടിക്കാന്‍ ആവശ്യപെടുകയാണ്. 500 ടെസ്റ്റ് വിക്കറ്റുകള്‍ എന്നാല്‍ ഒരു തമാശയല്ല. അതിന് ഉറപ്പായും അര്‍പ്പണബോധവും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും വേണം. ബ്രോഡി.. നിങ്ങള്‍ ഒരു ഇതിഹാസമാണ്.. അഭിനന്ദനങ്ങള്‍.. ‘
അത് കഴിഞ്ഞു വീണ്ടും അയാളുടെ കരിയര്‍ മുന്നോട്ട് തന്നെ പോയി, സഹയാത്രികരില്‍ പലരും പാതി വഴിയില്‍ വീണു പോയപ്പോഴും ബ്രോഡിന്റെ പന്തുകള്‍ സ്റ്റമ്പുകള്‍ ഇളക്കി മൈതാനത്ത് മൂളി പാഞ്ഞു.. ഒരൊറ്റ ദിവസം കൊണ്ട് എഴുതപെടാന്‍ പോന്നതല്ല തന്റെ കഴിവുകള്‍ എന്ന് അയാള്‍ അടിയുറച്ച് തന്നെ വിശ്വസിച്ചു കാണണം.. ഒടുവില്‍ 600 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന സ്വപ്നനേട്ടവും കൈപിടിയിലൊതുക്കി അയാള്‍ കളി അവസാനിപ്പിക്കുന്നു..
ഓരോവറില്‍ ആറു സിക്‌സുകള്‍ വഴങ്ങിയ ബോളറെന്ന ലേബലില്‍ നിന്ന് 800ല്‍ അധികം അന്താരാഷ്ട്ര വിക്കറ്റുകളുടെ അകമ്പടിയോടെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളെന്ന ബ്രാന്‍ഡ് നെയിമോടെ ഒരു പടിയിറക്കം.. യുവരാജ് സിംഗ് പറഞ്ഞത് പോലെ, ബ്രോഡി.. നിങ്ങള്‍ ഒരു ഇതിഹാസമായിരുന്നു.. മറ്റൊരാള്‍ക്കും ഇനിയൊരു തിരുത്തിയെഴുത്ത് സാധ്യമല്ലാത്ത ഇതിഹാസം.
എഴുത്ത്: എആര്‍വി അഞ്ചല്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍