ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ബോളിംഗിലെ അതുല്യ പ്രതിഭയാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. താന്‍ ബുംറയുടെ വലിയ ആരാധകനാണെന്നും അസാധാരണമായ ബോളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നതെന്നും മഗ്രാത്ത് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചിട്ടുള്ളത്. വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. എല്ലാ ഫാസ്റ്റ് ബോളര്‍മാര്‍ക്കും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേപോലെ കളിക്കാന്‍ കഴിയണമെന്നില്ല. ബുംറയെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന് ശരിയായ വിശ്രമം ആവശ്യമാണ്.
പതിയെ ഓട്ടം തുടങ്ങി, അവസാന സ്റ്റെപ്പുകളില്‍ വേഗം കൂട്ടി കൂടുതല്‍ ശക്തി ഉപയോഗിച്ച് പന്തെറിയുന്നതാണ് ബുമ്രയുടെ ശൈലി. ഇതു പരുക്കിന് കാരണമാകാം. പേസര്‍മാര്‍ക്കു കൃത്യമായ വിശ്രമം നല്‍കേണ്ടതുമുണ്ട്. ബുംറയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടെസ്റ്റ്, ടി20, ഏകദിനം, ഐപിഎല്‍ തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കണമോയെന്ന് താരം തീരുമാനിക്കട്ടെ.
ഇന്നത്തെ ക്രിക്കറ്റിന്റെ ഗതിയും രീതികളും മാറി. മത്സരങ്ങള്‍ കഠിനവും ശാരീരിക ക്ഷമതയെ അങ്ങേയറ്റം പരീക്ഷിക്കുന്നതുമാണ്. ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ഫിറ്റ്‌നസാണ് പ്രധാനം. പരിശീലനത്തോടൊപ്പം കൃത്യമായ വിശ്രമവും ബോളര്‍മാര്‍ക്ക് ആവശ്യമാണ്- മഗ്രാത്ത് പറഞ്ഞു.