'നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മുകളിലായിരിക്കാന്‍ കഴിയില്ല'; ബാബര്‍ അസമിന്റെ മോശം റണ്ണിനെക്കുറിച്ച് ആന്‍ഡി ഫ്‌ലവര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാബര്‍ അസമിന്റെ മോശം  പ്രകടനത്തെക്കുറിച്ച് സിംബാബ്‌വെ മുന്‍ താരം ആന്‍ഡി ഫ്ളവര്‍. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു വ്യക്തിയാണ് ബാബറെന്നും എന്നാല്‍ എല്ലായ്‌പ്പോഴും ഗെയിമിന്റെ മുകളില്‍ ആയിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഫ്‌ളവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ടി20 മത്സരത്തില്‍ ബാബര്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. അവന്‍ നല്ല ഫോമില്‍ ആയിരുന്നു. അവന്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു വ്യക്തിയാണ്. അവന്‍ വളരെ സ്ഥിരതയുള്ളവനാണ്. പക്ഷേ നമുക്കെല്ലാവര്‍ക്കും നമ്മുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഗെയിമിന്റെ മുകളില്‍ ആയിരിക്കാന്‍ കഴിയില്ല. ആരും സൂപ്പര്‍ മനുഷ്യരല്ല. അവന്‍ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്- ഫ്‌ളവര്‍ പറഞ്ഞു.

അതേസമയം ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആന്‍ഡി ഫ്‌ലവര്‍ വിസമ്മതിച്ചു. ‘അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ മടിക്കും. കാരണം ഞാന്‍ അവരുടെ ഡ്രസ്സിംഗ് റൂമില്‍ ഇല്ല, അതിനാല്‍ നേതൃത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉള്‍ക്കാഴ്ചകളെക്കുറിച്ച് എനിക്കറിയില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബര്‍ അസമിന് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ മികച്ചതായിരുന്നില്ല. 2023 ഐസിസി ലോകകപ്പിന്റെ തുടക്കം മുതല്‍ അദ്ദേഹം മോശം ലൈനിലാണ്. ഒപ്പം ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ കീഴില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ സെമി പോലും കാണാതെ പുറത്തായി. പിന്നാലെ ബാബര്‍ മൂന്ന് ഫോര്‍മാറ്റിലും നേതൃസ്ഥാനത്ത് നിന്ന് ഇറങ്ങി. എന്നിരുന്നാലും, അതും അദ്ദേഹത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല.