കരീബിയന്‍ ദുരന്തം; ചാമ്പ്യന്‍മാരെ സംഹരിച്ച് ഇംഗ്ലണ്ട്

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12ലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസ് നാണംകെട്ടു. വെറും 55 റണ്‍സിന് പുറത്തായ കരീബിയന്‍ പട ഇംഗ്ലണ്ടിനോട് ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങി. ട്വന്റി20 ലോക കപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോര്‍ എന്ന അപമാനകരമായ റെക്കോര്‍ഡ് ഇതോടെ വിന്‍ഡീസ് സ്വന്തമാക്കി. ടെസ്റ്റ് പദവിയുള്ള ഒരു ടീം ടി20 ലോക കപ്പില്‍ ഇത്ര ചെറിയ സ്‌കോറിന് പുറത്താകുന്നത് ഇതാദ്യം. ചെറു സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചതാണ് വിന്‍ഡീസിന് ലഭിച്ച ഏക ആശ്വാസം. സ്‌കോര്‍: വിന്‍ഡീസ്-55 (14.2 ഓവര്‍) ഇംഗ്ലണ്ട്-56/4 (8.2)

ദുബായിയിലെ ബോളിംഗ് പിച്ചില്‍ ബുദ്ധിശൂന്യമായ ബാറ്റിംഗിലൂടെ വിന്‍ഡീസ് കൂപ്പുകുത്തുകയായിരുന്നെന്ന് പറയാം. വമ്പന്‍ അടിക്ക് പേരുകേട്ട വിന്‍ഡീസ് ബാറ്റര്‍മാര്‍ പിച്ചിന്റെ സ്വഭാവം അവഗണിച്ച് സിക്‌സുകളും ബൗണ്ടറികളും മാത്രം ഉന്നമിട്ടപ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമായി.2.2 ഓവറില്‍ വെറും രണ്ട് റണ്‍സിന് നാല് വിക്കറ്റ് അരിഞ്ഞിട്ട ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദാണ് വിന്‍ഡീസിനെ കശാപ്പ് ചെയ്ത്. ടൈമല്‍ മില്‍സ് (2 വിക്കറ്റ്), മൊയീന്‍ അലി (2), ക്രിസ് വോക്‌സ് (1), ക്രിസ് ജോര്‍ഡാന്‍ (1) എന്നിവരും ചേര്‍ന്നപ്പോള്‍ വിന്‍ഡീസ് പൂര്‍ണമായും നിലംപൊത്തി.

ക്രിസ് ഗെയ്ല്‍ (13) മാത്രമേ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ലെന്‍ഡല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളസ് പൂരന്‍ (1), ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസല്‍ (0) എന്നിവരെല്ലാം വന്ന പാടേ മടങ്ങി.

ചേസ് ചെയ്ത ഇംഗ്ലീഷ് ബാറ്റര്‍മാരില്‍ ജാസണ്‍ റോയ് (11), ജോണി ബെയര്‍സ്‌റ്റോ (9), മൊയിന്‍ അലി (3), ലിയാം ലിവിങ്‌സ്റ്റണ്‍ (1) എന്നിവരാണ് പുറത്തായത്. ഓപ്പണ്‍ ജോസ് ബട്ട്‌ലര്‍ പുറത്താകാതെ 24 റണ്‍സുമായി ഇംഗ്ലണ്ടിനെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ട് ജയിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (7 നോട്ടൗട്ട്) ക്രീസിലുണ്ടായിരുന്നു. വിന്‍ഡീസിന്റെ അകീല്‍ ഹുസൈന്‍ രണ്ട് വിക്കറ്റ് സ്വന്തം പേരിലെഴുതി.

Read more