പാകിസ്താനെ വീണ്ടും അട്ടിമറിച്ച് അഫ്ഗാന്‍

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ച് അഫ്ഗാന്റെ കുതിപ്പ്. ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്താനെ തകര്‍ത്തത്. പുറത്താകാതെ 76 റണ്‍സെടുത്ത ദര്‍വേഷ് റസൂലാണ് അഫ്ഗാന്‍ വിജയശില്‍പി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്താന്‍ 47.4 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 105 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതം 81 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റോഹില്‍ നാസിര്‍ മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്. അലി സര്‍യാബ് ആസിഫ് 30ഉം മുഹമ്മദ് താഹ 17ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് പാക് ബാറ്റിംഗ് നിരയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല.

മൂന്ന് വിക്കറ്റ് വീതം വീഴ്തതിയ കൈ്വസ് അഹമ്മദും അസ്മത്തുളള ഒമര്‍സായും ആണ് പക് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയത്. നവീനുല്‍ ഹഖ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ 78 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 76 റണ്‍സെടുത്ത ദര്‍വീഷ് അഫ്ഗാനെ 47.3 ഓവറില്‍ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇഖ്‌റാം അലി ഖില്‍ 36ഉം റഹ്മത്തുളള 31ഉം റണ്‍സെടുത്ത് ദര്‍വീഷിന് ഉറച്ച പിന്തുണ നല്‍കി.

ഇതോടെ ലോകകപ്പില്‍ കുറത്ത കുതിരകളാകാന്‍ ഒരുങ്ങുകയാണെന്ന വ്യക്തമായ സൂചനയാണ് അഫ്ഗാന്‍ നല്‍കുന്നത്. കഴിഞ്ഞ മാസം യൂത്ത് ഏഷ്യ കപ്പിലും അഫ്ഗാന്‍ പാകിസ്താനെ രണ്ട് തവണ തോല്‍പിച്ചിരുന്നു. അന്നത്തെ ജയം വെറും അട്ടിമറി മാത്രമല്ലെന്ന് തെളിക്കുന്നതായി ഈ മത്സര ഫലം.