ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സെമി ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്നത് ഇന്ത്യ, ന്യുസിലാൻഡ്, ഓസ്‌ട്രേലിയ എന്നി ടീമുകൾക്കാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ ഇംഗ്ലണ്ട് നല്ല മാർജിനിൽ പരാജയപെടുത്തിയാൽ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.
സെമി ഫൈനലിന് മുൻപ് ഓസ്‌ട്രേലിയക്ക് കിട്ടിയത് വമ്പൻ പണിയാണ്. ഓപ്പണിങ് ബാറ്റ്‌സ്മാനും, സ്പിൻ ബോളറുമായ മാറ്റ് ഷോർട്ട് പരിക്കിനെ തുടർന്ന് സെമി ഫൈനൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ റൺസ് ഓടിയെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
മത്സരത്തിൽ 15 പന്തിൽ 20 റൺസ് നേടി അദ്ദേഹം ഇന്നിങ്‌സ് അവസാനിപ്പിച്ചു. പരിക്കിൽ നിന്ന് മുക്തി നേടാൻ താരത്തിന് കുറച്ചധികം സമയം എടുക്കേണ്ടി വരും എന്നാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറയുന്നത്. ഷോർട്ടിന്റെ അഭാവത്തിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് കളിക്കാനാണ് സാധ്യത.