ഇന്ത്യൻ ടീമിലേക്ക് വൈകി എത്തി ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് എതിരാളികളുടെ പേടി സ്വപ്നമായി മാറിയ താരമാണ് സ്പിന്നർ വരുൺ ചക്രവർത്തി. ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിലും ഇപ്പോൾ നടന്ന ഇംഗ്ലണ്ട് പരമ്പരയിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി 20 മത്സരങ്ങളിൽ നിന്നായി വരുൺ ചക്രവർത്തി 14 വിക്കറ്റുകളാണ് നേടിയത്.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് വരുൺ ചക്രവർത്തി. ഐപിഎലിലും ഗംഭീര പ്രകടനമാണ് താരം വർഷങ്ങളായി നടത്തി വരുന്നത്. ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ വരുൺ ചക്രവർത്തി കളിക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:
” വരുൺ ചക്രവർത്തി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി കളിക്കുമോ ഇല്ലയോ എന്നാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. വരുൺ ടീമിൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യ തിരഞ്ഞെടുത്തേക്കും. എല്ലാ ടീമുകളും ഒരു താൽക്കാലിക സ്ക്വാഡിനെ മാത്രം തിരഞ്ഞെടുത്തതിനാൽ ഒരു അവസരമുണ്ട്”
രവിചന്ദ്രൻ അശ്വിൻ തുടർന്നു:
” എന്നാൽ നിലവിലുള്ള സ്‌ക്വാഡിലേക്ക് നോക്കിയാൽ ഒരു സീമർ പുറത്തുപോയി വരുൺ വന്നാൽ അത് ഒരു അധിക സ്പിന്നർ ആയിരിക്കും. അവർ ആരെയാണ് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല. വരുണിനെ കൊണ്ട് വന്നാൽ ആര് പുറത്ത് പോകും എന്ന് കണ്ടറിയണം” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.