2025 ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാൻഡും തമ്മിൽ കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ദുബായിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് നടക്കുക.
ഇന്ത്യൻ സ്‌ക്വാഡിൽ പേസ് ബോളർ ജസ്പ്രീത് ബുംറ ഗുരുതരമായ പരിക്കിനെ തുടർന്ന് പുറത്തായിരുന്നു. അത് കൊണ്ട് മത്സരങ്ങളിൽ മുഹമ്മദ് ഷമിക്ക് നിർണായകമായ പങ്ക് ടീമിൽ ഉണ്ടാകും. 2023-ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് ഷമി തിരിച്ചെത്തിയത്. എന്നാൽ മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ലോകകപ്പിൽ തിളങ്ങിയ താരം ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ച വെച്ചത്.
ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന മത്സരത്തിലേക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രവചിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. ഓപണിംഗിൽ അദ്ദേഹം രോഹിത് ഗിൽ സഖ്യത്തെയാണ് തിരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തുടർന്ന് അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്‍ലിയെയാണ് അദ്ദേഹം മൂന്നാം സ്ഥാനത്ത് ഇറക്കുന്നത്.
മിഡിൽ ഓർഡറിൽ ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവരാണ് വരുന്നത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച റൺസ് കോർ ചെയ്യാൻ അവർക്ക് സാധിക്കും. തുടർന്ന് കെ എൽ രാഹുൽ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ എന്നിവരും വരും. ഇത്തവണ ശക്തമായ ബാറ്റിംഗ് യൂണിറ്റുമായാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നത്. ബോളിങ്ങിൽ മുഹമ്മദ് ഷമി, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി എന്നിവരെയുമാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പർ റിഷബ് പന്തിനേയും, സ്പിന്നർ കുൽദീപ് യാദവിനെയും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.