ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക്?, നിര്‍ണായക നീക്കവുമായി പിസിബി

ടി20 ലോകകപ്പ് 2024 വിജയിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാത്തിരിക്കുന്ന അടുത്ത വലിയ ഐസിസി ഇവന്റ് ചാമ്പ്യന്‍സ് ട്രോഫിയാണ്. നിലവില്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം ടൂര്‍ണമെന്റ് പൂര്‍ണ്ണമായും പാകിസ്ഥാനിലാണ് നടക്കുക. 1996ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. എന്നിരുന്നാലും, രാഷ്ട്രീയ ബന്ധം വഷളായതിനാല്‍ ഇന്ത്യ ആ രാജ്യത്തേക്ക് പോകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഈ ഊഹാപോഹങ്ങള്‍ക്കിടയില്‍, ബഹുരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിന്റെ ഭാവിയില്‍ നിര്‍ണായകമായേക്കാവുന്ന വലിയ വാര്‍ത്തകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്സിന്‍ നഖ്വി ദുബായില്‍ ബിസിസിഐ സെക്രട്ടറിയും നിലവിലെ ഐസിസി ചെയര്‍മാനുമായ ജയ് ഷായെ കാണാന്‍ ഒരുങ്ങുകയാണ്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് നിര്‍ണായകമായേക്കാം.

ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ ഷെഡ്യൂളിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇതുവരെ അന്തിമ അനുമതി പിസിബിക്ക് അയച്ചിട്ടില്ലെന്നും ജിയോ ന്യൂ റിപ്പോര്‍ട്ട് പറയുന്നു. ഇവന്റിനുള്ള സുഗമമായ ഒരുക്കങ്ങള്‍ ഉറപ്പാക്കാന്‍ എത്രയും വേഗം ഷെഡ്യൂളില്‍ ഒപ്പിടാന്‍ പിസിബി ഐസിസിയെ സമീപിച്ചിട്ടുണ്ട്.