ചാമ്പ്യൻസ് ട്രോഫി 2025: ജസ്പ്രീത് ബുംറയുടെ പകരക്കാരൻ ഒരിക്കലും ഷമി അല്ല, അത് ആ താരം: റിക്കി പോണ്ടിങ്ങ്

ഇപ്പോൾ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ ഗുരുതരമായ പരിക്കിനെ തുടർന്ന് പുറത്തായിരുന്നു. അത് കൊണ്ട് മത്സരങ്ങളിൽ മുഹമ്മദ് ഷമിക്ക് നിർണായകമായ പങ്ക് ടീമിൽ ഉണ്ടാകും. 2023-ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് ഷമി തിരിച്ചെത്തിയത്. എന്നാൽ മികച്ച പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ലോകകപ്പിൽ തിളങ്ങിയ താരം ഭേദപ്പെട്ട പ്രകടനം മാത്രമാണ് കാഴ്ച വെച്ചത്.

എതിരാളികൾ ഒരേപോലെ ഭയന്നിരുന്നു താരമായ ബുംറ ടൂർണമെന്റിൽ ഇല്ലാത്തത് അവർക്ക് ആശ്വാസം നൽകിയിരിക്കുകയാണ്. കൂടാതെ ഷമി ഇപ്പോൾ ഫോം ഔട്ടും ആണ്. നിലവിലെ ഇന്ത്യൻ ടീം ശക്തരല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. സ്‌ക്വാഡിൽ മറ്റൊരു പേസ് ബോളറായ അർശ്ദീപ് സിങ് ഉള്ളത് മികച്ച തീരുമാനം ആണെന്നും ബുംറയുടെ സ്ഥാനത്ത് അദ്ദേഹത്തെയാണ് കലിപ്പിക്കേണ്ടതെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്ങ്.

റിക്കി പോണ്ടിങ്ങ് പറയുന്നത് ഇങ്ങനെ:

” ഇടം കൈയന്‍ പേസര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഞാന്‍ ബുംറക്ക് പകരമായി അര്‍ഷ്ദീപ് സിങ്ങിനെയാണ് കളിപ്പിക്കേണ്ടത്. ടി20യില്‍ അവന്‍ എത്രത്തോളം മികവ് കാട്ടിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ബുംറ ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ പ്രതിഭയുള്ള ബൗളറാണ് അര്‍ഷ്ദീപ്. ന്യൂബോളിലും ഡെത്തോവറിലും ബുംറ ചെയ്യുന്നത് ആവര്‍ത്തിക്കാന്‍ അര്‍ഷ്ദീപിനാവും” റിക്കി പോണ്ടിങ്ങ് പറഞ്ഞു.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.

Read more