നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനു ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയിലെ തുടക്കം പാളിയിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് അവര്‍ ന്യൂസിലാന്‍ഡിനോട് വഴങ്ങിയത്. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി പാകിസ്ഥാന്റെ മികച്ച രണ്ടാമത്തെ ടോപ് സ്‌കോറര്‍ ബാബര്‍ അസമായിരുന്നെങ്കിലും താരം ഏറെ വിമര്‍ശനം നേരിടുകയാണ.
മത്സരത്തില്‍ 90 ബോളുകള്‍ നേരിട്ട് 64 റണ്‍സാണ് താരം നേടിയത്. 71.11 എന്ന മോശം സ്ട്രൈക്ക് റേറ്റിലാണിത്. 321 റണ്‍സെന്ന വലിയ ടോട്ടലിലേക്കു ചേസ് ചെയ്യവെയാണ് ഇത്തരമൊരു വിരസമായ ഇന്നിംഗ്സ് ബാബര്‍ കാഴ്ചവച്ചത്. അതിനാല്‍ തന്നെ ടീം തോറ്റപ്പോള്‍ താരത്തിന്റെ ബാറ്റിംഗ് വിമര്‍ശനത്തിന് കീഴിലായി.
ഇതിനിടെ ബാബറിന്റെ ബാറ്റിംഗിനെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍ എക്‌സിലെത്തി. ‘സല്‍മാന്‍ അലി ആഖയെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ച്വറി നേടിയ ബാബറിന്റെ ബാറ്റിംഗ് ആമയും മുയലും കഥ മികച്ച രീതിയില്‍ ചിത്രീകരിച്ചതുപോലെയായി’, അശ്വിന്‍ എക്‌സില്‍ കുറിച്ചു.
സല്‍മാന്‍ അലി ആഖയുമായി ചേര്‍ന്ന് ബാബര്‍ 58 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. പക്ഷേ ഇത് വിജയത്തിലെത്താന്‍ പാക് ടീമിന് ഗുണകരമായില്ല. 34ാം ഓവറില്‍ ആറാമനായാണ് ബാബര്‍ പുറത്തായത്. അപ്പോള്‍ അവരുടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 153 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ.