വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി അഫ്ഗാനിസ്ഥാന്റെ പുതിയ മെന്ററായി പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാനെ നിയമിച്ചു. 2022 ല്‍ യൂനിസ് ഖാന്‍ അഫ്ഗാന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു.
‘2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ മെന്ററായി മുന്‍ പരിചയസമ്പന്നനായ പാകിസ്ഥാന്‍ താരം യൂനിസ് ഖാനെ എസിബി നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ഇവന്റ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം (യൂനിസ്) ടീമില്‍ ചേരും,’ എസിബി വക്താവ് സയീദ് നസീം സാദത്ത് പറഞ്ഞു.
എക്കാലത്തെയും മികച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി പരക്കെ ബഹുമാനിക്കപ്പെടുന്ന യൂനിസ് ഖാന്‍ തന്റെ കാലത്ത് പാക് ആരാധകരെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു. 118 ടെസ്റ്റുകളില്‍ നിന്ന് 10,099 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഐസിസി റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ താരവുമായിരുന്നു.
അഫ്ഗാനിസ്ഥാന്‍ ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം അവരുടെ പ്രചാരണത്തിന് തുടക്കമിടും. ഫെബ്രുവരി 21ന് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടും.