ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് രണ്ട് മാസം മാത്രം ശേഷിക്കെ ഇതുവരെയും ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിട്ടില്ല. ടീമുകള്‍ക്കും ബോര്‍ഡുകള്‍ക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഇത് ആശങ്കാജനകമായ സാഹചര്യമാണ്. ഹൈബ്രിഡ് മോഡലിനെ ചൊല്ലിയുള്ള ബിസിസിഐ-പിസിബി തര്‍ക്കത്തിന്റെ ഫലമാണ് ഈ കാലതാമസം. ടൂര്‍ണമെന്റിനായി ടീം ഇന്ത്യയെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ വിസമ്മതിക്കുകയും ടൂര്‍ണമെന്റ് മുഴുവന്‍ പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പിസിബി ഉറച്ചുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിസിസിഐയും പിസിബിയും ഏറെക്കുറെ ധാരണയിലെത്തി. പിസിബി ഹൈബ്രിഡ് മോഡലിന് സമ്മതിച്ചെങ്കിലും ഇന്ത്യയില്‍ വരുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കില്ലെന്ന നിബന്ധന മുന്നോട്ടുവച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും ഈ കരാര്‍ അന്തിമമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ബിസിസിഐ-പിസിബി കരാര്‍ ഐസിസി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, കൂടുതല്‍ കാലതാമസം കൂടാതെ ഷെഡ്യൂള്‍ പുറത്തുവരും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ ബിസിസിഐ പിസിബിക്ക് പണം വാഗ്ദാനം ചെയ്തു. എന്നാല്‍ ദേശീയ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പിസിബി അത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലേറെയായി, ഇരുടീമുകളും ഏഷ്യാ കപ്പുകളിലും ഐസിസി ഇവന്റുകളിലും മാത്രമാണ് നേര്‍ക്കുനേര്‍വന്നത്. ഈ ഘട്ടത്തില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ക്കായി പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയെങ്കിലും ബിസിസിഐ ഇതുവരെ തിരിച്ചതിന് മുതിര്‍ന്നിട്ടില്ല. ഇന്ത്യ പാകിസ്ഥാനോട് വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2022 ഏഷ്യാ കപ്പും ഒരു ഹൈബ്രിഡ് മോഡലിലാണ് കളിച്ചത്.