ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് പ്രവചിച്ച് പാക് മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ടെന്നും അതിനാല്‍ വലിയ കിരീട സാധ്യതയാണ് ടീമിനുള്ളതെന്നും അമീര്‍ പറയുന്നു.
പാകിസ്ഥാന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. തങ്ങളുടെ കരുത്ത് വ്യക്തമാക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിലും ടീം മികവ് കാട്ടുന്നു.
സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ പാകിസ്ഥാന് ഇന്ത്യക്കെതിരേയും മുന്‍തൂക്കമുണ്ടെന്നാണ് കരുതുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് സ്വാഭാവികമായ മേധാവിത്വമുണ്ട്. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ മോശമാണ്. അതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങുന്നത്- അമീര്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ബംഗ്ലാദേശിനും പാകിസ്ഥാനും ന്യൂസീലന്‍ഡിനുമൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ് നടക്കുന്നത്.