ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ദുബായിയെ നിഷ്പക്ഷ വേദിയായി നിശ്ചയിച്ചു. അവിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും കളിക്കും. ഡിസംബര്‍ 22 ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പിസിബി മേധാവി മൊഹ്സിന്‍ നഖ്വി സൂചിപ്പിച്ചിരുന്നു, അത് അങ്ങനെ സംഭവിച്ചു.

ഇന്നലെ രാത്രി (ഡിസംബര്‍ 21) അദ്ദേഹം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി പാകിസ്ഥാനിലെ ഘോട്ട്കിയില്‍ കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ ദുബായ്, യുഎഇ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ന്യൂട്രല്‍ വേദിയാണെന്ന് ജിയോ ന്യൂസ് സ്ഥിരീകരിച്ചു.

2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടക്കും. ബാക്കിയെല്ലാ മത്സരങ്ങളുടെയും വേദി പാകിസ്ഥാന്‍ തന്നെയായിരിക്കും.

ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പിസിബിയുടെ ആവശ്യവും ഐസിസി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതുപ്രകാരം 2024-2027 കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇരുരാജ്യങ്ങളുടെയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തും.

ഈ തീരുമാനം അനസരിച്ച് ഇന്ത്യ ആതിഥേയരാകുന്ന 2025ലെ വനിതാ ഏകദിന ലോകകപ്പിലും 2026ലെ ടി20 ലോകകപ്പിലും പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ക്ക് ഇന്ത്യയിലേക്കും വരില്ലെന്ന് ഉറപ്പായി.