ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയേക്കും. ടി20യിലെ മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ താരത്തെ ഇന്നലെ (ഫെബ്രുവരി 4) ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം ഇന്ത്യയുടെ ടീമില്‍ കയറാനുള്ള മത്സരത്തില്‍ വരുണ്‍ തുടരുമെന്ന് രോഹിത് ശര്‍മ്മ സ്ഥിരീകരിച്ചു.
ഐസിസിയുടെ നിയമങ്ങള്‍ അനുസരിച്ച് ഫെബ്രുവരി 11 വരെ ടീമുകള്‍ക്ക് അവരുടെ ടീമിനെ മാറ്റാം. അതായത് ബിസിസിഐക്ക് അടുത്ത ആറ് ദിവസത്തിനുള്ളില്‍ മാറ്റങ്ങള്‍ വരുത്താം. ടി20യിലെ പ്രകടനം താരത്തിന് ഏകദിനത്തിലും തുടരുവാനാകുമോ എന്നാണ് ടീം ഇന്ത്യ ഇപ്പോള്‍ നോക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന് മു്‌ന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യംമ അറിയിച്ചത്.
സീരീസ് സമയത്ത്, ചില ഘട്ടങ്ങളില്‍ അവനെ കളിക്കാനും അവന്റെ കഴിവ് എന്താണെന്ന് കാണാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. ഞങ്ങള്‍ അവനെ കൊണ്ടുപോകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നില്ല, പക്ഷേ തീര്‍ച്ചയായും അവന്‍ പരിഗണനയിലുണ്ടായിരിക്കും. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി നടക്കുകയും അവന്‍ ആവശ്യമുള്ളത് ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, തീര്‍ച്ചയായും നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്- ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലാണെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ഒരു അപ്‌ഡേറ്റും ഇല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം ബുംറ കളിക്കേണ്ടതായിരുന്നു, എന്നാല്‍ വരുണിനെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കി.
ദുബായിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, വരുണിനെ സ്‌ക്വാഡിലേക്ക് ചേര്‍ക്കുന്നത് ഒരു വിചിത്രമായ തിരഞ്ഞെടുപ്പായി തോന്നുന്നില്ല. അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉള്ളതിനാല്‍ കൂടുതല്‍ പേസര്‍മാരെ ചേര്‍ക്കേണ്ട ആവശ്യം ടീം ഇന്ത്യയ്ക്ക് തോന്നിയേക്കില്ല. എന്നാല്‍ വരുണിനെപ്പോലെ ഒരു നിഗൂഢ സ്പിന്നര്‍ക്ക് അവിടെ ഒരുപാട് ചെയ്യാനുണ്ടാകും. അതിനാല്‍ പരിക്കിന്റെ പിടിയിലുള്ള ബുംറയെ ഒഴിവാക്കി വരുണിനെ ടീമീലെടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല.