ചാമ്പ്യന്‍സ് ട്രോഫി: ടോപ് സ്‌കോററെ പ്രവചിച്ച് ടിം സൗത്തി, ആരാധകര്‍ക്ക് സര്‍പ്രൈസ്!

ഈ മാസം 19ന് പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അവസാനഘട്ട തയാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഇതിനോടൊപ്പം ക്രിക്കറ്റ് വിദഗ്തരുടെ വിശകലനങ്ങളും പ്രവചനങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍ ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ടിം സൗത്തി

ന്യൂസിന്‍ഡിന്റെ കെയ്ന്‍ വില്യംസണോ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡോ ആയിരിക്കും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആകുന്നതെന്ന് സൗത്തി ഐസിസി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ സൗത്തി ഇന്ത്യന്‍ താരങ്ങളുടെയോ പാക് താരങ്ങളുടെയോ പേര് പറയാത്തതില്‍ ആരാധകര്‍ ആശ്ചര്യത്തിലാണ്.

പാകിസ്ഥാനിലെ പിച്ചുകള്‍ ബാറ്റിംഗിന് അനുകൂലമായിരിക്കും. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് സെമിയിലെങ്കിലും എത്തുകയാണെങ്കില്‍ കെയ്ന്‍ വില്യംസണാകും ചാമ്പ്യന്‍സ് ട്രോഫിയില്‍ ടോപ് സ്‌കോറര്‍. വില്യംസണ്‍ കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ട്രോഫി ടോപ് സ്‌കോററാകാനുള്ള സാധ്യതയുള്ള മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ്- സൗത്തി പറഞ്ഞു.

ടൂര്‍ണമെന്റ് പാകിസ്ഥാനിലും ദുബായിലുമായിട്ടാണ് നടക്കാനെന്നിരിക്കെ ഇന്ത്യ-പാക് താരങ്ങളെ ഈ ലിസ്റ്റിലേക്ക് സൗത്തി പരിഗണിക്കാത്തത് എന്ത് എന്നുള്ളത് ഉത്തരമില്ലാത്ത ചോദ്യമാണ്. എന്നിരുന്നാലും വില്യംസണും ഹെഡും ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ് എന്നതും വിസ്മരിക്കാനാവില്ല.