ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഴിച്ചുപണി, മുന്‍ ഇന്ത്യന്‍ ബോളര്‍ പുറത്തേയ്ക്ക്

ബിസിസിഐ സീനിയര്‍ പുരുഷ സെലക്ഷന്‍ കമ്മിറ്റി ഉടന്‍ ഒരു മാറ്റത്തിന് വിധേയമാകും. മുന്‍ ഇന്ത്യന്‍ ബോളറായ വെസ്റ്റ് സോണ്‍ സെലക്ടര്‍ സലില്‍ അങ്കോള നിലവിലെ കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വരവാണ് അങ്കോളയുടെ സ്ഥാനം തെറിപ്പിച്ചത്.

അജിത് അഗാര്‍ക്കറെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ഇന്ത്യന്‍ ബോര്‍ഡ് തിരഞ്ഞെടുത്തത്. ഒരേ സോണില്‍ നിന്ന് രണ്ട് സെലക്ടര്‍മാര്‍ ഉണ്ടാകില്ലെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു.

സലില്‍ അങ്കോളയും അജിത് അഗാര്‍ക്കറും വെസ്റ്റ് സോണില്‍ നിന്നുള്ളവരാണ്. അതിനാല്‍ സീനിയര്‍ സെലക്ടര്‍ സലില്‍ അങ്കോളയെ മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്കോള നിലവിലെ കരാര്‍ തീരുന്നമുറയ്ക്ക് പുറത്താകും. കരാര്‍ വീണ്ടും പുതുക്കി നല്‍കില്ല.

Read more

നിലവിലെ സെലക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ ബോര്‍ഡ് ഒരു വര്‍ഷത്തെ കരാറാണ് നല്‍കിയിട്ടുള്ളത്. ഇത് അവസാനിക്കുന്നമുറയ്ക്ക് ഈ വര്‍ഷം ഡിസംബറില്‍ വീണ്ടും അപേക്ഷിക്കണം. അജിത് അഗാര്‍ക്കര്‍, എസ്എസ് ദാസ്, സുബ്രതോ ബാനര്‍ജി, എസ് ശരത്, സലില്‍ അങ്കോള എന്നിവരാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റി.