ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായി രണ്ടു ബാറ്റര്‍മാര്‍ നടത്തിയ വാശിയേറിയ പോരാട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലെ മത്സരത്തിലെ ആവേശക്കാഴ്ചയായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡു പ്ലെസിയും തമ്മിലാണ് സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്റെ പട്ടത്തിനായി അങ്കം വെട്ടിയത്. ഒടുവില്‍ രണ്ട് റണ്‍സിന്റെ വ്യത്യാസത്തില്‍ ഡു പ്ലെസിയുടെ (633) വെല്ലുവിളിയെ അതിജീവിച്ച് ഋതുരാജ് (635) ഓറഞ്ച് തൊപ്പി തലയില്‍ ചൂടി.
ഒളിംപിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഋതുരാജും ഡു പ്ലെസും തമ്മിലെ റണ്‍ റേസ്. ഫൈനലിനെത്തുമ്പോള്‍ പഞ്ചാബ് കിംഗ്‌സിന്റെ കെ.എല്‍. രാഹുലാണ് (626) മുന്നില്‍ നിന്നത്. എന്നാല്‍ പവര്‍ പ്ലേയില്‍ നന്നായി ബാറ്റ് ചെയ്ത ഋതുരാജ് 24 റണ്‍സെന്ന വ്യക്തിഗത സ്‌കോറിലെത്തുമ്പോള്‍ രാഹുലിനെ മറികടന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശിവം മാവി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ സിംഗിളെടുത്താണ് ഋതുരാജ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തു കയറിയത്.
Read more
എന്നാല്‍ ഋതുരാജിന്റെ കളിക്കൂട്ടുകാരന്‍ ഡു പ്ലെസി വിട്ടുകൊടുക്കാന്‍ തയാറായില്ല. വമ്പന്‍ അടികളിലൂടെ ചെന്നൈ ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോയ ഡു പ്ലെസി രാഹുമായും ഋതുരാജുമായുള്ള അകലം കുറച്ചുകൊണ്ടുവന്നു. അതിവേഗ ബാറ്റിംഗിനിടെ രാഹുലിനെ പിന്തള്ളി കുതിച്ച ഡു പ്ലെസി, ഋതുരാജിന് അടുത്തെത്തി. 20-ാം ഓവറില്‍ ഏഴ് റണ്‍സ് നേടിയാല്‍ ഡു പ്ലെസിക്ക് ഋതുരാജിനെ മറികടക്കാന്‍ കഴിയുമായിരുന്നു. അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്‍സ് മാത്രവും. എന്നാല്‍ മാവിയെ സിക്‌സിന് പൊക്കാന്‍ ശ്രമിച്ച ഡു പ്ലെസി ലോങ് ഓണില്‍ വെങ്കിടേഷ് അയ്യരുടെ കൈയിലൊതുങ്ങി. അതോടെ ഋതുരാജ് ഓറഞ്ച് ക്യാപ്പ് ഉറപ്പിക്കുകയും ചെയ്തു.