ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025ല്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ എല്‍എസ്ജി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മറികടന്ന് ജയം നേടുകയായിരുന്നു സിഎസ്‌കെ. എംഎസ് ധോണി വീണ്ടും ക്യാപ്റ്റന്‍ ആയ ശേഷമുളള ആദ്യ വിജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. ശിവം ദുബെയും(43) ധോണിയും(26) ചേര്‍ന്ന കൂട്ടുകെട്ടാണ് ചെന്നൈക്കായി ഫിനിഷ് നടത്തിയത്. ഈ വര്‍ഷം ആദ്യ മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ അത്ര തിളങ്ങാതിരുന്ന ദുബെ ശ്രദ്ധേയ പ്രകടനമാണ് ലഖ്‌നൗവിനെതിരെ കാഴ്ചവച്ചത്.
37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരം 43 റണ്‍സെടുത്തത്. നിര്‍ണായക മത്സരത്തില്‍ ടീമിനായി തിളങ്ങി വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു ശിവം ദുബെ. മത്സരശേഷം വളരെ ആത്മവിശ്വാസത്തോടെയുളള വാക്കുകളായിരുന്നു താരം പങ്കുവച്ചത്. “ഈ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോല്‍ക്കുന്നത് സിഎസ്‌കെയുടെ ശൈലിയല്ല. ഞങ്ങളുടെ ബോളര്‍മാര്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ എനിക്ക് അവസാനം വരെ ബാറ്റ് ചെയ്യണമെന്നുണ്ടായിരുന്നു.
കളി ഫിനിഷ് ചെയ്യണമെന്ന ചിന്തയും എനിക്കുണ്ടായി. മത്സരത്തില്‍ ടീമിന് വിക്കറ്റുകള്‍ കുറെ നഷ്ടമായ ശേഷം കളിയെ വളരെ ആഴത്തില്‍ സമീപിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി. ഇത് മാനസികാവസ്ഥയെ കുറിച്ചല്ല, മറിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനെ കുറിച്ചാണ്”, ശിവം ദുബെ മത്സരം ശേഷം പറഞ്ഞു. എന്റെ പ്ലാന്‍ വളരെ സിംപിളായിരുന്നു. ബോളര്‍മാര്‍ മികച്ച ഫോമിലായതിനാല്‍ പന്ത് ശക്തമായി അടിക്കാന്‍ ശ്രമിക്കരുതെന്ന് തീരുമാനിച്ചു. ഈ മത്സരത്തില്‍ നിന്നും അടുത്ത മത്സരത്തിലേക്ക് പോസിറ്റീവായി കാര്യങ്ങള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്, ദുബെ കൂട്ടിച്ചേര്‍ത്തു.