CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

ഐപിഎല്‍ 2025ല്‍ തുടര്‍ തോല്‍വികളുമായി പോയിന്റ് ടേബിളില്‍ എറ്റവും അവസാനം നില്‍ക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച ഏഴ് കളികളില്‍ രണ്ട് ജയവും അഞ്ച്‌ തോല്‍വിയുമാണ് സിഎസ്‌കെ ടീമിനുളളത്. ക്യാപ്റ്റനായി എംഎസ് ധോണി തിരിച്ചെത്തിയെങ്കിലും ആദ്യ കളിയില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയം നേടി. ഓപ്പണിങ് ബാറ്ററും നായകനുമായിരുന്ന റിതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. അതേസമയം പരിക്കേറ്റ ഗുര്‍ജപ്‌നീത് സിങിന് പകരം ദക്ഷിണാഫ്രിക്കയുടെ യുവബാറ്റര്‍ ഡെവാള്‍ഡ് ബ്രേവിസിനെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ ടീം മാനേജ്‌മെന്റ്.

2.2 കോടി രൂപയ്ക്കാണ് വെടിക്കെട്ട് ബാറ്ററെ ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത് എന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിനായി മുന്‍ സീസണില്‍ ബ്രേവിസ് കളിച്ചിട്ടുണ്ട്. ഞായറാഴ്ച മുംബൈക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ താരത്തെ കളിപ്പിച്ചേക്കും. 2022-24 സീസണുകളിലായിരുന്നു ഡെവാള്‍ഡ് ബ്രേവിസ് മുംബൈ ഇന്ത്യന്‍സ്‌ ടീമിന്റെ ഭാഗമായിരുന്നത്. 10 മത്സരങ്ങളാണ് ഫ്രാഞ്ചൈസിക്കായി താരം കളിച്ചത്. 230 റണ്‍സ് നേടിയ താരത്തിന്റെ ശരാശരി 23ആണ്. 49 റണ്‍സ് ആയിരുന്നു ടോപ് സ്‌കോര്‍.

ഇതുവരെ കളിച്ച 81 ടി20 മത്സരങ്ങളില്‍ നിന്നായി 1787 റണ്‍സാണ് ബ്രേവിസ് നേടിയത്. 26.27 ശരാശരിയും 144.93 സ്‌ട്രൈക്ക് റേറ്റുമാണുളളത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറികളും താരം നേടി. ദക്ഷിണാപ്രിക്കന്‍ ടി20 ലീഗായ സിഎസ്എ ടി20 ചലഞ്ചില്‍ 57 പന്തില്‍ 162 റണ്‍സ് നേടിയതാണ്‌ എറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍. അതേസമയം ഡെവാള്‍ഡ് ബ്രേവിസിന്റെ വരവ് ചെന്നൈയുടെ ബാറ്റിങ് ലൈനപ്പിന്റെ ശക്തി കൂട്ടാന്‍ സാധ്യതയുണ്ട്.