ചേതന് ശര്‍മ്മ രാജിവെച്ചതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ശിവ് സുന്ദര്‍ ദാസിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ഇടക്കാല അദ്ധ്യക്ഷനായി ബിസിസിഐ നിയമിച്ചു. ടിവി സ്റ്റിംഗ് ഓപ്പറേഷനെ തുടര്‍ന്ന് വിവാദത്തിലായ ശര്‍മ്മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. ശര്‍മ്മ.യുടെ രാജി ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, ചേതന്‍ ശര്‍മ്മയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീരുമാനം അദ്ദേഹത്തിന്റെ തന്നെയായിരുന്നെന്നും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സെലക്ഷന്‍ മീറ്റിംഗ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ചേതന്‍ രാജിക്കത്ത് അയച്ചു. തീര്‍ച്ചയായും, അത് ലജ്ജാകരമായ ഒരു സാഹചര്യമായിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനുള്ള സമയമാണിത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി എസ് എസ് ദാസ് ചുമതലയേര്‍ക്കും. ചേതന് പകരക്കാരനായി പുതിയ സെലക്ടര്‍ വരുന്നത് വരെ അദ്ദേഹം ചുമതലവഹിക്കും- ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചേതന്‍ ശര്‍മ്മയുടെ വെളിപ്പെടുത്തലില്‍ രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ തങ്ങളുടെ അസ്വസ്തത ബിസിസിഐയെ അറിയിച്ചിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ചേതന്‍ ശര്‍മ്മയെ വിളിച്ച് ദേഷ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേതന്‍ ശര്‍മ്മയുടെ രാജി.