ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മയ്ക്കെതിരായ സ്റ്റിംഗ് ഓപ്പറേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൗരവ് ഗാംഗുലി തുടങ്ങിയ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും പേരുകള്‍ വെളിച്ചത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്.
ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്നയാള്‍ ഈ തരത്തില്‍ അണിയറയിലെ എല്ലാ കാര്യങ്ങളും യാതൊരു മറയുമില്ലാതെ തുറന്നടിച്ചു പറഞ്ഞതില്‍ ബിസിസിഐയ്ക്കു രോഷമുണ്ട്.ചേതന്‍ ശര്‍മയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കു വിട്ടിരിക്കുകയാണ്.
സീ ന്യൂസിന്റെ ഒളിക്യാമറയിലാണ് ചേതന്‍ ശര്‍മ്മ പല കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുന്നത്. വിരാട് കോഹ്‌ലിയെ നായകസ്ഥാനത്തു നിന്നും നീക്കിയതു മുതല്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെക്കുറിച്ച് വരെയുള്ള ശര്‍മയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്.
ഓസ്ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ നടത്തിയ ആരോപണങ്ങളുടെ ഗൗരവം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ്. സംഭവത്തില്‍ ചേതന്‍ ശര്‍മ്മ ബിസിസിഐയുടെ ആഭ്യന്തര അന്വേഷണത്തിന് വിധേയനാകും. മുഖ്യ സെലക്ടറായി ചേതന്‍ ശര്‍മ്മയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നു വേണം കരുതാന്‍.