ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്തായ രീതിയെ കുറിച്ച് വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര. ബാറ്റിംഗിലെ മോശം പ്രകടനത്തിനും നിലവിൽ ഉള്ള മോശം ഫോമിനും എല്ലാം കാരണം ബാറ്റിംഗ് പൊസിഷൻ മാറിയത് കൊണ്ട് ആണെന്നും പൂജാര പറഞ്ഞു. കെ എൽ രാഹുൽ മനോഹരമായി ഓപ്പണിങ്ങിൽ കളിച്ചതിന് പിന്നാലെയാണ് രോഹിത് തന്റെ സ്ഥാനം വിട്ടുകൊടുത്തത്.
ഓസ്‌ട്രേലിയക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ തന്റെ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും എല്ലാം നിരാശപ്പെടുത്തുന്ന സമയത്ത് രോഹിത് ശർമ്മയ്ക്ക് എതിരെ വിമർശനങ്ങൾ തുടരുകയാണ്. ബ്രിസ്‌ബേനിലെ ഗബ്ബയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ മൂന്നാം ടെസ്റ്റിലും , അതും ബാറ്റിംഗിന് അനുകൂല സാഹചര്യത്തിലും അദ്ദേഹം നിരാശപ്പെടുത്തി.
മൂന്നാം ദിനം രോഹിത് രാഹുലിനൊപ്പം ക്രീസിൽ നിൽക്കുന്ന സമയത്താണ് മഴ മൂലം സെക്ഷൻ നേരത്തെ അവസാനിച്ചത്. ഇന്ന് നാലാം ദിനം ബാറ്റിംഗിന് പറ്റിയ സാഹചര്യത്തിൽ രോഹിത്തിൽ നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. വെറും 10 റൺ മാത്രമെടുത്ത് താരം കമ്മിൻസിന് മുന്നിൽ പുറത്താക്കുക ആയിരുന്നു. തുടർച്ചയായി നായകൻ നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. രോഹിത്തിന് പകരം ബുംറ തന്നെ നയിച്ചാൽ മതിയെന്നും മറ്റേതെങ്കിലും താരം പകരം ഇറങ്ങട്ടെ എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.
പൂജാര പറഞ്ഞത് ഇങ്ങനെ:
“അവൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തിരുന്നതാണ്. ഇപ്പോൾ കളിക്കുന്നത് ആറാം നമ്പറിലും ആണ്. അവൻ തന്റെ ബാറ്റിംഗ് സ്ഥാനം മാറി കൊടുത്തത് ടീമിന് വേണ്ടിയാണ് എന്ന് പറയാം. എന്നാൽ സ്ഥിരമായി ഓപ്പണിംഗിന് ഇറങ്ങുന്ന താരം ബാറ്റിംഗ് പൊസിഷൻ മാറി മറ്റൊരു സ്ഥാനത്ത് ഇറങ്ങിയാൽ അത് അദ്ദേഹത്തെ സഹായിക്കില്ല.”
” നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം ഈ ഓപ്പണിംഗിന് ഇറങ്ങുന്ന താരം പെട്ടെന്ന് സ്ഥാനം മാറിയാൽ അത് ടീമിനും താരത്തിനും ഗുണം ആകില്ല” പൂജാര പറഞ്ഞു.
എന്തായാലും പരമ്പരയിൽ രോഹിത് ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിൽ ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മികവ് വന്നില്ലെങ്കിൽ ടെസ്റ്റിൽ ടീമിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.