ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഇന്നത്തെ കളിയില്‍ സഞ്ജു സാംസണ്‍ കളിക്കില്ലെങ്കില്‍ അത് രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയാവും. ഈ സീസണില്‍ ഓപ്പണിങില്‍ സഞ്ജുവും ജയ്‌സ്വാളും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ടീമിനെ ഭദ്രമായ നിലയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജു ഇന്ന് ഇറങ്ങിയില്ലെങ്കില്‍ ഓപ്പണിങ് സ്ലോട്ടില്‍ വലിയൊരു വിടവാണ് രാജസ്ഥാനുണ്ടാവുക. സഞ്ജുവിന് പകരം ഓപ്പണിങില്‍ ഒരാളെ ഇറക്കുക എന്നത് ടീമിന് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും. കഴിഞ്ഞ ലേലത്തില്‍ ടീമിലെടുത്ത 13കാരന്‍ വൈഭവ് സൂര്യവംശി ഓപ്പണിങില്‍ രാജസ്ഥാന് ഒരു ഓപ്ഷന്‍ ആണെങ്കിലും ഇന്ന് ഇറക്കാന്‍ സാധ്യത കുറവാണ്.
പിന്നെയുളളത് വണ്‍ഡൗണില്‍ ഇറങ്ങാറുളള നിതീഷ് റാണയാണ്. എന്നാല്‍ 2021ന് ശേഷം ഓപ്പണിങില്‍ താരം ഇറങ്ങിയിട്ടില്ല. അതുകൊണ്ട് മൂന്നാമനായി തന്നെ താരത്തെ ഇനിയും കളിപ്പിക്കാനാണ് സാധ്യത. ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗില്‍ ഓപ്പണിങ്ങില്‍ ഇറങ്ങി തിളങ്ങിയിട്ടുളള ധ്രുവ് ജുറലാണ് മറ്റൊരു ഓപ്ഷന്‍. എന്നാല്‍ ഐപിഎലില്‍ മധ്യനിരയില്‍ തിളങ്ങിയിട്ടുളള ജുറലിനെ ആ പൊസിഷനില്‍ തന്നെ വീണ്ടും കളിപ്പിക്കാനാണ് സാധ്യത. അതേസമയം ജയ്‌സ്വാളിനൊപ്പം റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണിങില്‍ കളിപ്പിക്കണമെന്ന് പറയുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.
ഓപ്പണിങില്‍ റിയാന്‍ അവര്‍ക്ക് നല്ലൊരു ഓപ്ഷനായിരിക്കുമെന്ന് പൂജാര കരുതുന്നു. “റിയാന്‍ പരാഗ് ഓപ്പണിങ് സ്‌ളോട്ട് ഏറ്റെടുക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം ടോപ് ഓര്‍ഡറിലെ ആ ഒഴിവ് നികത്താന്‍ റിയാന് കഴിയും. പേസ് ബോളര്‍മാര്‍ക്കെതിരെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരിക്കും മികച്ചതാണ്. മൂന്നാമതോ നാലാമതോ ഇറങ്ങുമ്പോള്‍ അവന്‍ സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കാരണം ആ സമയത്ത് സ്പിന്നര്‍മാര്‍ ബോളിങിന് എത്തുമ്പോള്‍ അവന് സൂക്ഷിച്ച് കളിക്കേണ്ടി വരുന്നു. നല്ല വിക്കറ്റില്‍ പേസ് ബോളിങ്ങിനെ നേരിടാന്‍ അവസരം ലഭിച്ചാല്‍ ജയ്‌സ്വാളിനൊപ്പം ചേര്‍ന്ന് ആര്‍ആറിനായി പവര്‍പ്ലേ ഓവറുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പരാഗിന് കഴിയും, ചേത്വേശര്‍ പൂജാര അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ മൂന്നാമതായും നാലാമതായും ഇറങ്ങി പൊസിഷന്‍ മാറ്റി മാറ്റി കളിക്കുകയാണ് റിയാന്‍ പരാഗ്. ഏഴ് മത്സരങ്ങളില്‍ നിന്നും 147.86 സ്‌ട്രൈക്ക് റേറ്റോടെ 173 റണ്‍സാണ് താരം നേടിയത്. ഐപിഎല്‍ കരിയറില്‍ ഇതുവരെ പരാഗ് ഓപ്പണിങ്ങില്‍ ഇറങ്ങിയിട്ടില്ല. മധ്യനിരയിലാണ് മിക്ക മത്സരങ്ങളിലും കളിച്ചിട്ടുളളത്.