ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനായി ഇത്തവണ ശ്രദ്ധേയ പ്രകടനമാണ് കെഎല്‍ രാഹുല്‍ കാഴ്ചവയ്ക്കുന്നത്. ബെംഗളൂരുവിനെതിരെയുളള മാച്ച് വിന്നിങ് ഇന്നിങ്ങ്‌സ് ഉള്‍പ്പെടെ രാഹുലില്‍ നിന്നും ഇംപാക്ടുളള ബാറ്റിങ് പ്രകടനങ്ങള്‍ ഇത്തവണ ധാരാളമായുണ്ടായി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലും 38 റണ്‍സെടുത്ത് ടീംടോട്ടലിലേക്ക് താരം കാര്യമായ സംഭാവന നല്‍കി. അതേസമയം കെഎല്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. രാഹുല്‍ സ്വന്തം വിക്കറ്റ് കളയാതിരിക്കാന്‍ മാത്രമാണ് കളിക്കുന്നതെന്നും അല്ലാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്നില്ലെന്നും പൂജാര പറയുന്നു.
ഇന്നലെ നടന്ന ഡല്‍ഹി- രാജസ്ഥാന്‍ മത്സരത്തിന് ശേഷമാണ് പൂജാര പ്രതികരിച്ചത്. ഇന്നലെ 32 ബോള്‍ നേരിട്ട രാഹുലിന് 38 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. “രാഹുല്‍ ഒരു സീനിയര്‍ കളിക്കാരനാണ്. മത്സരത്തില്‍ 15-20 ബോളുകള്‍ കളിച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അദ്ദേഹം കുറച്ചുകൂടി ആക്രമിച്ച് കളിക്കണമായിരുന്നു. കാരണം അദ്ദേഹം എന്തിനും സജ്ജനായിരുന്നു. പിച്ചിലേക്ക് നോക്കാന്‍ അദ്ദേഹത്തിന് മതിയായ അവസരം ഉണ്ടായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന് സാഹചര്യങ്ങള്‍ അറിയാമായിരുന്നു”, പൂജാര പറഞ്ഞു.
“രാഹുലിന്റെ ബാറ്റിങ് ക്രമത്തില്‍ ഈ സീസണില്‍ അല്‍പം മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ അദ്ദേഹം അത് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. സാധാരണ പവര്‍പ്ലേയില്‍ എല്ലാം അദ്ദേഹം വലിയ ഷോട്ടുകള്‍ക്ക് മുതിരാറുണ്ട്. പഅദ്ദേഹം കുറച്ചുകൂടി ആക്രമണാത്മക ബാറ്റിങ് നടത്തേണ്ട സമയമാണിത്. തന്റെ സ്വാഭാവിക ഗെയിം കളിക്കുന്നതിന് പകരം തന്റെ വിക്കറ്റ് സംരക്ഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു, ചേതേശ്വര്‍ പൂജാര കൂട്ടിച്ചേര്‍ത്തു.