ഇത്തവണ ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ശരിയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ഐപിഎല്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്നും അതിനാലാണ് ലേലത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ഗെയ്ല്‍ വെളിപ്പെടുത്തി.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്ന് തോന്നി. ഐപിഎല്ലില്‍ ഇത്ര അധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ സാരമില്ലെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ മെഗാ ലേലത്തെക്കുറിച്ച് അധികം ചിന്തിക്കാന്‍ പോയില്ല. ക്രിക്കറ്റിന് ശേഷവും ജീവിതം ഉണ്ടെന്ന് മനസിലാക്കുന്നു. അതിനോട് സ്വാഭാവികമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്.’
‘ഞാന്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് എന്നീ മൂന്ന് ടീമുകളെ ഐപിഎല്ലില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തിളങ്ങാനായത് ആര്‍സിബിക്കൊപ്പമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അടുത്ത വര്‍ഷം എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം’ ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ 142 മത്സരങ്ങളില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. കൂടുതല്‍ സെഞ്ച്വറി (6), കൂടുതല്‍ സിക്സ് (357), ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175) എന്നിങ്ങനെ ഐപിഎല്ലിലെ പല റെക്കോഡുകളും ഗെയ്‌ലിന്‍റെ പേരിലാണ്.