ബോള്‍ ചെയ്യാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍ ആരൊക്കെ എന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ് താന്‍ ബോളെറിയാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ള ബാറ്റ്സ്മാന്‍മാരെന്ന് മോറിസ് പറഞ്ഞു.
‘വിരാട് കോഹ്‌ലി ശരിക്കുമൊരു ജീനിയസാണ്, സമ്പൂര്‍ണ ജെറ്റുമാണ്. ഡേവിഡ് വാര്‍ണര്‍ക്കെതിരേയും ബോള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹം നിങ്ങളെ അടിച്ച് അവശനാക്കും. ബോള്‍ ചെയ്യാന്‍ ഞാന്‍ ഏറ്റവും വെറുക്കുന്നയാള്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്. കാരണം ശക്തമായ പ്രതിരോധമാണ് കെയ്നിന്റേത്. അതോടൊപ്പം അദ്ദേഹം സൗമ്യനായ വ്യക്തിയുമാണ്. ഇത്രയും നല്ലൊരു വ്യക്തിക്കെതിരേ ദേഷ്യം പിടിക്കേണ്ടി വരുമ്പോള്‍ അസ്വസ്ഥതയാണ് ഉണ്ടാവാറുള്ളത്.’
‘ഇക്കൂട്ടത്തിലേക്കു ഒരാളെക്കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കും. ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണിത്. ഹാര്‍ദിക് വളരെ മികച്ചവനാണ്. അവന്‍ ബോളിനെ പ്രഹരിക്കുന്നത് കാണുമ്പോള്‍ ഭയമാണ് തോന്നാറുള്ളത്’ മോറിസ് പറഞ്ഞു.
ഐപിഎല്ലില്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മോറിസിന് ആയിട്ടില്ല. റെക്കോര്‍ഡ് തുകയ്ക്ക് റോയല്‍സ് സ്വന്തമാക്കിയ മോറിസ് 10 മല്‍സരങ്ങളില്‍ നിന്നും 16.75 ശരാശരിയില്‍ 67 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം 14 വിക്കറ്റുകള്‍ താരത്തിന് വീഴ്ത്താനായി.