ക്രിക്കറ്റിന്റെ ഈ വര്‍ഷം ഇങ്ങനെ

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ക്രിക്കറ്റില്‍ നേട്ടങ്ങളും കോട്ടങ്ങളും ഉയര്‍ച്ചയും പതര്‍ച്ചയുമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ അപേക്ഷിച്ച് സുവര്‍ണ വര്‍ഷം എന്നുവരെ രേഖപ്പെടുത്താവുന്നതായിരുന്നു 2017ലെ പ്രകടനം. റണ്‍വേട്ടയില്‍ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും മുന്നേറ്റം തുടര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് തിരിച്ചെത്തിയതിനും 2017 സാക്ഷിയായി.

ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്താന്‍ ജേതാക്കളായതിനും ക്രിക്കറ്റ് ശക്തികളായ ഓസ്‌ട്രേലിയയെ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ബംഗ്ലാദേശ് തോല്‍പ്പിച്ചതും 2017ല്‍ കണ്ടു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ലോകത്ത് നടന്ന സംഭവവികാസങ്ങള്‍ ഇങ്ങനെ

ചാംപ്യന്‍സ് ട്രോഫി
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്താന്‍ കിരീടം നേടി. ലണ്ടനില്‍ നടന്ന ഫൈനലില്‍ ബദ്ധവൈരികളായ പാക്കിസ്താനോട് 180 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഐസിസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചാപ്യന്‍സ് ട്രോഫി മത്സരത്തിനുള്ള ടീമിനെ ഇന്ത്യ അയക്കുന്നില്ലെന്ന നിലപാടിലായിരുന്നു ആദ്യം. പിന്നീട്, മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തിയെങ്കിലും പാക്കിസ്താന് മുന്നില്‍ അടിയറവ് പറഞ്ഞു.

പെണ്‍പുലികളുടെ വര്‍ഷം
ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രം കുറിച്ച വര്‍ഷമാണ് 2017. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ കീഴടങ്ങിയത്. പുരുഷ ക്രിക്കറ്റിനുള്ളില്‍ ചുറ്റിത്തിരിഞ്ഞിരുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉഗ്രന്‍ പ്രകടനത്തോടെ സടകുടഞ്ഞെഴുന്നേറ്റു. വനിതാ ക്രിക്കറ്റര്‍മാര്‍ എന്ന പേരില്‍ നിന്ന് മിതാലി രാജും ജുലന്‍ ഗോസ്വാമിയും ഹര്‍മന്‍പ്രീത് കൗറുമെല്ലാം സൂപ്പര്‍ താരങ്ങളായി ഉയര്‍ന്നു.

കടുവകള്‍ക്കു മുന്നില്‍ കീഴടങ്ങി കംഗാരുപ്പട
2017ലെ ക്രിക്കറ്റ് ലോകത്തെ ചരിത്ര സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. ഓഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയ ദുര്‍ബലരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ന് ജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഓസീസിനെതിരേ ബംഗ്ലാദേശിന്റെ വിജയം. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ്് മത്സരത്തില്‍ ജയിക്കുന്നത്.

പാക്കിസ്താനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം
നീണ്ട് ഇടവേളയക്കു ശേഷം പാക്കിസ്താനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം. ശ്രീലങ്കന്‍ ടീമിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളില്‍ നിന്നും പാക്കിസ്താന്‍ അപ്രത്യക്ഷമായിരുന്നു. സൗത്താഫ്രിക്കന്‍ താരം ഡുപ്ലെസിക്കു കീഴിലുള്ള ലോക ഇലവന്‍ പാക്കിസ്താന്‍ ടീമുമായി ലാഹോറില്‍ ട്വന്റി20 മത്സരം കളിച്ചു. സെപ്റ്റംബറിലായിരുന്നു മത്സരം. പരമ്പര 2-1ന് പാക്കിസ്താന്‍ സ്വന്തമാക്കി.

അതിവേഗം കോഹ്ലി
പരിമിധ ഓവര്‍ ക്രിക്കറ്റില്‍ വരും ദിനങ്ങള്‍ തന്റേതെന്ന് തെളിയിച്ചു കൊണ്ടാണ് 2017 ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു കടന്നു പോകുന്നത്. ഏകദിനത്തില്‍ അതിവേഗ 8000 റണ്‍സ് നേട്ടം കരസ്ഥമാക്കിയ കോഹ്ലി 194 ഇന്നിങ്‌സുകളില്‍ നിന്ന് 9000 റണ്‍സ് എന്ന നാഴികകല്ലും 2017ല്‍ താണ്ട്ി. സെഞ്ച്വറി നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.

വെസ്റ്റിന്‍ഡീസിന്റെ അവിശ്വസനീയ തിരിച്ചുവരവ്
ബോളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ഇംഗ്ലണ്ട് ഒരുക്കിയ വാരിക്കുഴിയില്‍ വീഴാതെ ബാറ്റുകൊണ്ട് അടിച്ചു കസറി ജയം സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റിന്റെ അവസാന ദിനം വെസ്റ്റിന്‍ഡീസ് 322 റണ്‍സെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍, ഷായ് ഹോപ്പിന്റെ സെഞ്ച്വറി മികവില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് മണ്ണില്‍ വെസ്റ്റിന്‍ഡീസ് വെന്നിക്കൊടി പാറിച്ചു.

രോഹിറ്റ്മാന്‍
ഏകദിന മത്സരങ്ങളില്‍ യതാര്‍ത്ഥ ഹിറ്റ്മാന്‍ ആരെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത് ശര്‍മ്മയ്ക്ക് 2017. സ്വന്തം പേരിലുള്ള ഡബിള്‍ സെഞ്ച്വറി നേട്ടം രോഹിത് മൂന്നാക്കി ഉയര്‍ത്തിയത് ഈ വര്‍ഷമാണ്. 2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും, 2014ലും 2017ലും ശ്രീലങ്കയ്‌ക്കെതിരേയുമാണ് രോഹിതിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.