2024-25ലെ അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരത്തിൽ അതിദയനീയ തോൽവിയെറ്റ് വാങ്ങിയിരുന്നു. സീനിയർ താരങ്ങൾ അടക്കം വലിയ രീതിയിൽ ഉള്ള വിമർശനമാണ് തോൽവിക്ക് പിന്നാലെ ഏറ്റുവാങ്ങുന്നത്. മത്സരശേഷം സംസാരിച്ച നായകൻ രോഹിത് ” തോൽവി മാനസികമായി തളർത്തുന്നു” എന്നാണ് പറഞ്ഞത്. ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിലെ കഥയും അദ്ദേഹം വെളിപ്പെടുത്തി.
“നോക്കൂ, ഞാൻ ഗില്ലുമായി സംസാരിച്ചു. അവനെ പുറത്താക്കിയതല്ല. അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നു എന്ന് അറിയാം. പക്ഷെ ബോളിങ്ങിൽ ഒരു അധിക ഓപ്ഷൻ വേണമായിരുന്നു. അതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത്” രോഹിത് ശർമ്മ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. രോഹിതിൻ്റെ വിശദീകരണം കേട്ട്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ രോഹിത് പറഞ്ഞതിനെതിരെ രംഗത്ത് എത്തി” ഒഴിവാക്കി” എന്നതിന് ഒറ്റ അർത്ഥമേ ഉള്ളു എന്നും അത് തന്നെയാണ് നായകൻ പറഞ്ഞത് എന്നും വെളിപ്പെടുത്തി.
ബോക്‌സിംഗ് ഡേ ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം സംസാരിച്ച ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ “ഗില്ലിന് പകരം എത്തിയ വാഷിംഗ്ടൺ സുന്ദറിന് നിങ്ങൾ എത്ര ബൗളിംഗ് നൽകി? എന്ത് കോമ്പിനേഷനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? ടീമിൻ്റെ ആവശ്യകത പൂർണ്ണമായും ശരിയാണ്. അതിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പക്ഷെ ഗില്ലിനെ ഒഴിവാക്കിയതാണെന്ന് എന്തുകൊണ്ടാണ് രോഹിത്തിന് പറയാൻ പറ്റാത്തത്. ഡ്രോപ്പ് എന്ന് പറഞ്ഞാൽ പുറത്താക്കൽ തന്നെയാണ്.” രോഹിത് ശർമ്മയുടെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.
” രോഹിത് ഇതിൽ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. രോഹിത്തിന് ഓപ്പണർ ആകാനും അതിനു വേണ്ടി രാഹുലിനെ മൂന്നാം നമ്പറിൽ ഇറക്കാനുമാണ് ഗില്ലിനെ ഒഴിവാക്കിയത്. അത് തുറന്ന് സമ്മതിക്കാൻ പോലും രോഹിത്തിന് പറ്റുന്നില്ല. ടീം കോമ്പിനേഷൻ ആകെ പാളി. രോഹിത് പത്രസമ്മേളനത്തിൽ അതൊന്നും പറഞ്ഞില്ല ” അദ്ദേഹം പ്രതികരിച്ചു.
അതേസമയം ആദ്യ ടെസ്റ്റ് കളിക്കാതിരുന ഗിൽ രണ്ടാം ടെസ്റ്റിൽ ഇറങ്ങി രണ്ട് ഇന്നിങ്‌സിലുമായി 30 റൺ നേടിയിരുന്നു.