വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ബിസിസിഐ വനിതാ ഐപിഎല്‍ ആരംഭിച്ചാല്‍ വിരമിക്കല്‍ പിന്‍വലിച്ച ആദ്യ സീസണില്‍ കളിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മിതാലി പറഞ്ഞു.
ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കളിക്കുന്നത് മനോഹരമായിരിക്കും ഐസിസി പോഡ്കാസ്റ്റില്‍ മിതാലി പറഞ്ഞു.
വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ കാലം ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് തുടര്‍ന്ന താരവും വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരവുമാണ് മിഥാലി രാജ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളുമായി 10000 റണ്‍സിലധികം നേടാന്‍ താരത്തിനായിട്ടുണ്ട്.
39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.