ഇന്ത്യന്‍ മുന്‍ താരങ്ങള്‍ ഋഷഭ് പന്തിനെ എംഎസ് ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്. ഇരുവരെയും കുറിച്ച് പറയുന്ന പ്രമുഖരില്‍ ഒരാളാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. എന്നിരുന്നാലും, പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി അത്തരം താരതമ്യങ്ങള്‍ക്ക് എതിരാണ്.
ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ പന്ത് സെഞ്ച്വറി നേടി, മത്സരത്തില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം 280 റണ്‍സിന് വിജയിച്ചു. തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയോടെ പന്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
എന്നോട് ക്ഷമിക്കൂ. എംഎസ് ധോണി ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം ഇന്ത്യയെ ലോകകപ്പുകളിലും ചാമ്പ്യന്‍സ് ട്രോഫിയിലും വിജയത്തിലേക്ക് നയിച്ചു. ഋഷഭ് പന്ത് തന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. അവന്‍ നന്നായി ചെയ്യുന്നു. പക്ഷേ അത്തരമൊരു താരതമ്യം ആവശ്യമില്ല. ശുഭ്മാന്‍ ഗില്ലിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുമോ? ബാസിത് അലി പറഞ്ഞു.
90 ടെസ്റ്റുകളില്‍ നിന്ന് 38.06 ശരാശരിയില്‍ ആറ് സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും സഹിതം 4876 റണ്‍സാണ് ധോണി നേടിയത്. 256 ക്യാച്ചുകളും 38 സ്റ്റംപിംഗുകളും അദ്ദേഹത്തിന്റെ കീശയിലുണ്ട്.
34 ടെസ്റ്റുകളില്‍ നിന്ന് ആറ് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളും സഹിതം 44.79 ശരാശരിയില്‍ 2419 റണ്‍സാണ് ഋഷഭ് നേടിയത്. 26 കാരനായ താരം 120 ക്യാച്ചുകളും 14 സ്റ്റംപിംഗുകളും നടത്തി. സെപ്റ്റംബര്‍ 27 ന് കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്ത് ഇറങ്ങും.