സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പിന്മാറിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി. ന്യൂസിലാന്‍ഡിന്റെ പിന്മാറ്റത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് മന്ത്രി ഷെയ്ഖ് റഷീദ് അഹ്‌മദ് പറഞ്ഞു.
‘അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ രാജ്യാന്തര തലത്തിലുള്ള ഗൂഡാലോചനയുണ്ട്. പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഏകപക്ഷീയമായാണ് ന്യൂസിലാന്‍ഡ് സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് ന്യൂസിലാന്‍ഡ് ടീമിനായി ഒരുക്കിയിരുന്നത്’ മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച്ച പാകിസ്ഥാനെതിരായ ആദ്യമത്സരത്തിന് തൊട്ടു മുമ്പാണ് ടീമിനെ പിന്‍വലിച്ചുകൊണ്ടുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് എത്തിയത്. കിവീസ് ടീമിന് പാകിസ്ഥാനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.