BGT 2025: ബുംറയെ ചൊറിഞ്ഞ കോൺസ്റ്റാസ് ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം, ഒന്നാം ദിനം കണ്ടത് ഓസ്‌ട്രേലിയൻ ആധിപത്യം; നിരാശപ്പെടുത്തി ബാറ്റർമാർ

രോഹിത് ശർമ്മ ആയിരുന്നു ഈ ടീമിന്റെ പ്രശ്നം എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അയാൾ മാത്രമല്ല പ്രശ്നം എന്ന് ഇന്ന് വ്യക്തമായി. ഇതുവരെ നടത്തിയ മോശം പ്രകടനത്തിന്റെ ഫലമായി രോഹിത്തിന്റെ ഒഴിവാക്കി ബുംറ ആണ് ഇന്ത്യൻ നായകനായി ഇന്ന് ഇറങ്ങിയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബുംറക്ക് പിഴച്ചു എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ റൺസിന് 185 പുറത്തായി. ഓസ്ട്രേലിയ അവരുടെ ബാറ്റിംഗിൽ 9 – 1 എന്ന നിലയിൽ നിൽക്കുകയാണ്. 40 റൺ നേടിയ പന്ത് ആണ് ടോപ് സ്‌കോറർ എന്നതിലുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ദാരിദ്ര്യത്തിന്റെ കഥ മുഴുവൻ.

ടെസ്റ്റ് ജയിച്ച് എങ്ങനെ എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യക്കായി യശസ്വി ജയസ്വാൾ (10), കെ എൽ രാഹുൽ (4), ശുഭ്മാൻ ഗിൽ (20) എന്നിവർ എല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ രാഹുൽ മടങ്ങി. സ്റ്റാർക്കിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തിൽ സാം കോൺസ്റ്റാസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. പിന്നാലെ ജയ്സ്വാളും പവലിയനിൽ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ ബ്യൂ വെബ്സറ്റർക്ക് ക്യാച്ച് നൽകുകയായിരുന്നു താരം. ശേഷം കോഹ്‌ലിയുമൊത്ത് ഗിൽ നന്നായി കളിച്ചുവന്നതാണ്. ഇരുവരും സ്കോർ ഉയർത്തുന്നതിനിടെ ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗിൽ മടങ്ങുന്നത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് അദ്ദേഹം ക്യാച്ച് നൽകി.

ബ്രേക്കിന് ശേഷം കോഹ്‌ലിയും മടങ്ങി. പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ബോളണ്ട് എറിഞ്ഞ പന്തിന് അനാവശ്യമായി ബാറ്റുവെച്ച കോഹ്ലി നേടിയത് 17 റൺ മാത്രമാണ്. കോഹ്‌ലിക്ക് ശേഷമെത്തിയ ജഡേജ പന്തിനൊപ്പം ക്രീസിൽ പിടിച്ചുനിന്നു. ഓസ്‌ട്രേലിയൻ ബോളർമാർ ഇരുവരെയും പരീക്ഷിച്ചു. പന്ത് ഇതിനിടയിൽ പല തവണ ബോൾ ശരീരത്തിന്റെ പല ഭാഗത്ത് കൊണ്ട് നിലത്തുവീണു. ഈ കൂട്ടുകെട്ട് ഉയരുന്നതിനിടെ വീണ്ടും ബോളണ്ട് എത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച അദ്ദേഹം 40 റൺ എടുത്ത് കമ്മിൻസിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ ഈ പരമ്പരയിലെ ഹീറോ നിതീഷ് കുമാർ റെഡ്ഢിയും പൂജ്യനായി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങിയതോടെ ഓസ്ട്രേലിയ കളി പിടിച്ചു.

പിന്നെ ഇന്ത്യൻ പ്രതീക്ഷ മുഴുവൻ തോളിലേറ്റിയ ജഡേജ സ്റ്റാർക്കിന് മുന്നിൽ എൽബിഡബ്ല്യൂ ആയി മടങ്ങി. താരം 26 റൺസാണ് നേടിയത്. തൊട്ടുപിന്നാലെ കമ്മിൻസ് വാഷിംഗ്‌ടൺ സുന്ദർ (14 ) മടക്കിയപ്പോൾ പ്രസ്സ് കൃഷ്ണ(3 ) സ്റ്റാർക്കിന് ഇരയായിട്ടും മടങ്ങി. ശേഷം ക്രീസിൽ ഉറച്ച ബുംറ – സിറാജ് സഖ്യമാണ് ഇന്ത്യയെ 180 കടത്തിയത്. ബുംറ 22 റൺ നേടി മടങ്ങിയപ്പോൾ സിറാജ് 3 റൺ നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ബോളണ്ട് നാലും സ്റ്റാർക്ക് മൂന്നും വിക്കറ്റ് നേടിയപ്പോൾ കമ്മിൻസ് രണ്ടും ലിയോൺ ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ ആകട്ടെ അവരുടെ മറുപടിയിൽ ആക്രമിച്ചു കളിക്കാനുള്ള മൂഡിൽ ആയിരുന്നു എങ്കിലും ഖവാജയെ (2 ) വീഴ്ത്തി വീണ്ടും ബുംറ രക്ഷകനായി. യുവതാരം സാം കോൺസ്റ്റസുമായി ഇപ്പോൾ തന്നെ പോരാട്ടം ആരംഭിച്ച ബുംറ നാളെ ആ വാശി തുടർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ ഗുണമാകും.