ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറെ ശ്രദ്ധേയമായ പര്യടനമായിരുന്നു 2004-05 ലേത്. അന്ന് ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി ഓസീസ് കപ്പുമായി മടങ്ങി. അന്നത്തെ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നത് നാഗ്പൂരിലായിരുന്നു. ആദ്യ മത്സരം തോറ്റ്, രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി, മൂന്നാം മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ പദ്ധതികള്‍ അടുമുടി പാളുന്ന കാഴ്ചയാണ് കണ്ടത്.
ആതിഥേയര്‍ക്ക് അനുയോജ്യമായ പിച്ചുകളാണ് സാധാരണ നിലയില്‍ മത്സരങ്ങളില്‍ തയ്യാറാക്കുക. എന്നാല്‍ 2004 ല്‍ നാഗ്പൂര്‍ പിച്ചിന്റെ ക്യൂറേറ്ററായിരുന്ന കിഷോര്‍ പ്രധാന്‍ ചെയ്തത് മറ്റൊന്നായിരുന്നു. സ്പിന്‍ കരുത്തില്‍ ഇറങ്ങിയ ഇന്ത്യക്കായി അദ്ദേഹം ഒരുക്കിയത് ഒരു ബൗണ്‍സി ട്രാക്ക്. ഇത് ഓസീസിന് കാര്യങ്ങള്‍ അനുകൂലമാക്കി. അവര്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര നേടുകയും ചെയ്തു. ഇത് ക്യൂറേറ്ററായിരുന്ന കിഷോര്‍ പ്രധാന് ഒരു ബ്ലാക്ക് മാര്‍ക്കായി. വന്‍വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്.
വീണ്ടും നാഗ്പൂര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് വേദിയാകുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് കിഷോര്‍ പ്രധാന്‍. അന്നത്തെ സംഭവത്തില്‍ തനിക്കൊട്ടും പശ്ചാത്താപമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ടീമിന്റെ നായകനായിരുന്ന സൗരവ് ഗാംഗുലി പിച്ച് കാണാനെത്തിയപ്പോള്‍ അത് താന്‍ സ്വയം ഒരുക്കിയതാണെന്ന് അദ്ദേഹം കരുതിയെന്ന് പ്രധാന്‍ പറഞ്ഞു.
സൗരവ് ഗാംഗുലി പിച്ച് കണ്ടപ്പോള്‍, ഞാന്‍ അത് സ്വന്തമായി ഒരുക്കുകയായിരുന്നുവെന്ന് അദ്ദേഹം കരുതി. രണ്ട് ടീമുകളുടെയും ശക്തിയും ബലഹീനതയും വിശദീകരിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നാലെ അദ്ദേഹം അന്നത്തെ വിസിഎ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി കൂടിക്കാഴ്ച നടത്തി.
വിസിഎ മേധാവിയും പരിശീലകന്‍ കെ ജയന്തിലാലുമായി കൂടിയാലോചിച്ചാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ വിക്കറ്റിലാണ് നിങ്ങള്‍ കളിക്കേണ്ടതെന്നും ഗാംഗുലിയോട് വ്യക്തമാക്കി. എന്നാല്‍ മത്സരത്തില്‍നിന്ന് ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെപ്പോലെ പരിക്ക് ചൂണ്ടിക്കാട്ടി ഗാംഗുലി പിന്മാറിയതാണ് രസകരം. നിര്‍ഭാഗ്യവശാല്‍ മത്സരം നമ്മള്‍ തോറ്റു. എന്നിരുന്നാലും നാഗ്പൂര്‍ പിച്ചിന്റെ കാര്യത്തില്‍ എനിക്ക് പശ്ചാത്താപമില്ല- പ്രധാന്‍ കൂട്ടിച്ചേത്തു.