നിരവധി അട്ടിമറികള്‍ കണ്ടിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തില്‍ ഒരെണ്ണം കൂടി. ക്രിക്കറ്റിലെ പുത്തന്‍കൂറ്റുകാര്‍ക്കിടയിലെ കരുത്തരും അട്ടിമറിക്കാരുമായ അയര്‍ലന്‍ഡിനെ ഞെട്ടിച്ചത് ചെറുമീനുകളായ അമേരിക്ക. ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ 26 റണ്‍സിനാണ് അമേരിക്ക അയര്‍ലന്‍ഡിനെ മറിച്ചിട്ടത്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ആറ് വിക്കറ്റ് കളഞ്ഞ്, കുറിച്ച 188 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ എത്താനേ കഴിഞ്ഞുള്ളൂ.
ഗജാന്താ സിംഗിന്റെ ഉജ്വല ബാറ്റിംഗാണ് അമേരിക്കയ്ക്ക് തുണയായത്. 42 പന്തുകള്‍ നേരിട്ട ഗജാന്താ 65 റണ്‍സ് അടിച്ചു. പിന്നാലെ സൗരഭ് നട്രാവാല്‍ക്കറും അലി ഖാനും ചേര്‍ന്ന ബൗളിംഗ് നിര അയര്‍ലന്‍ഡിന്റെ കരുത്തരായ ബാറ്റിംഗ് നിരയെ കെട്ടുകെട്ടിക്കുകയും ചെയ്തു. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന് അമേരിക്ക ആതിഥ്യമൊരുക്കുന്നത് ഇതാദ്യം.
ഇതാദ്യമായിട്ടാണ് അയര്‍ലന്‍ഡ് അമേരിക്കയോട് തോല്‍ക്കുന്നത്. 2010 നും 2015 നും ഇടയില്‍ ട്വന്റി 20 ലോക കപ്പ് യോഗ്യതാ റൗണ്ടിലെ നാലു കളികളില്‍ ഒരിക്കല്‍ പോലും അമേരിക്കയോട് അയര്‍ലന്‍ഡ് തോറ്റിട്ടില്ല. ഏതെങ്കിലും ഫോര്‍മാറ്റില്‍ ലോക കപ്പ് യോഗ്യത നേടാനും 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെട്ടാല്‍ കളിക്കുന്നതും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ യത്‌നങ്ങള്‍. ഇതിനൊപ്പം ഐപിഎല്‍ ക്രിക്കറ്റ് ലീഗ് പോലെ അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ മേജര്‍ ലീഗ് ക്രിക്കറ്റിനും സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.