കളിക്കിടയില്‍ ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടുന്നത് നാം മുന്‍പും കണ്ടിട്ടുണ്ട്. അത്തരത്തില്‍ കുപ്രസിദ്ധനായ വ്യക്തിയാണ് ഡാനിയേല്‍ ജാര്‍വിന്‍ എന്ന ജാര്‍വോ. എന്നാല്‍ ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെ കാണുന്നവര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഇത് അത്ര മതിപ്പുളവാക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് ജാര്‍വോയുടെ നിരന്തരമായ ഈ പ്രഹസനം.
ക്രിക്കറ്റ് ആരാധകനിലുപരി യൂട്യൂബര്‍ കൂടിയാണ് ഡാനിയേല്‍ ജാര്‍വിന്‍. ഇംഗ്ലണ്ടില്‍ ഇയാളെ ശല്യക്കാരനായ ആരാധകനായി ഇതോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാന്‍ ചെന്നൈയിലെത്തിയ ജാര്‍വോ പതിവുപോലെ ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയോടി. അതും ഇന്ത്യന്‍ ജേഴ്‌സിയും ധരിച്ച്.
Kohli x Jarvo 🤣❤️#viratkohli pic.twitter.com/2hjQAlJenZ
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) October 8, 2023
ഒടുവില്‍ വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫും ചേര്‍ന്ന് ഇയാളെ കളിക്കളത്തില്‍ നിന്ന് ഗാലറിയിലേക്ക് കയറ്റി വിടുകയായിരുന്നു. കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങുന്നത് തടയാനുള്ള സുരക്ഷാ വേലി ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ ഗ്രൗണ്ടിലേക്കിറങ്ങി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. എന്തായാലും ജാര്‍വോ ഇന്നത്തെ സംഭവത്തില്‍ നിന്ന് അത്ര അനായാസമായി രക്ഷപ്പെടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സുരക്ഷാ വേലി ഭേദിച്ച് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് ജാര്‍വോയ്‌ക്കെതിരെ നിയമ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
തമിഴ്‌നാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കും. നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാലതാമസം ഉണ്ടായാല്‍ ജാര്‍വോയ്ക്ക് തുടര്‍ന്നുള്ള ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയില്ല. 2021ല്‍ ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവല്‍ ടെസ്റ്റിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ജാര്‍വോ തടയാന്‍ ശ്രമിച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ ആക്രമിച്ചിരുന്നു. ലോര്‍ഡ്‌സിലും ഇയാള്‍ സമാനമായ അതിക്രമം നടത്തിയിരുന്നു.
Read more
ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായപ്പോള്‍ വിരാട് കോലിക്ക് പകരം കോലിയുടെ നാലാം നമ്പര്‍ ജേഴ്‌സിയും ധരിച്ച് ക്രീസിലേക്കെത്തിയത് ജാര്‍വോ ആയിരുന്നു. തുടര്‍ന്ന് യോര്‍ക്ഷെയര്‍ കൗണ്ടി, ലീഡ്‌സ് സ്‌റ്റേഡിയത്തില്‍ ജാര്‍വോയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഫുട്‌ബോള്‍ ഗ്രൗണ്ടിലും ജാര്‍വോ സമാനമായ അതിക്രമം നടത്തിയിട്ടുണ്ട്. പോയ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയും ഇയാള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്നു.