ഇന്നലെ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ 333 റണ്‍സ് അടിച്ചെടുക്കുമ്പോള്‍ ആ ഇന്നിംഗ്സിനൊരു പ്രത്യേകതയുണ്ടായിരുന്നു. ആ ഇന്നിങ്ങ്‌സിലൊരു സിക്‌സ് പോലും ഉണ്ടായിരുന്നില്ല. പുരുഷ ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്നിങ്ങ്‌സില്‍ ഒരു സിക്‌സര്‍ പോലും നേടാതെ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണിത്.
ഒന്നാമത് നില്‍ക്കുന്നത് 2020ല്‍ ഹാന്‍ബന്‍ഡോട്ടയില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശ്രീലങ്ക നേടിയ 345 റണ്‍സാണ്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കക്കൊപ്പം 2011ല്‍ ഓസീസിനെതിരെ 333 നേടിയ ഇംഗ്ലണ്ടുമുണ്ട്. പുരുഷ ക്രിക്കറ്റില്‍ ഇത് ഏഴാം തവണയാണ് ഒരു കംപ്‌ളീറ്റഡ് ഇന്നിങ്ങ്‌സില്‍ സിക്‌സറില്ലാതെ ഒരു ടീം 300+ സ്‌കോര്‍ നേടുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഏകദിനത്തിലെ ബെന്‍ സ്റ്റോക്സിന്‍റെ അവസാന മത്സരമായിരുന്നു. ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ അവസാന ഏകദിനത്തിനിറങ്ങിയ സ്റ്റോക്സിനെ നിറഞ്ഞ കൈയടികളുമായാണ് കാണികള്‍ സ്വീകരിച്ചത്. നിറകണ്ണുകളോടെയാണ് താരം മൈതാനത്തേക്ക് ഇറങ്ങിയത്.
എന്നാല്‍ അവസാന ഏകദിനം അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ റാസ്സി വാന്‍ഡെര്‍ ദസ്സന്റെയും (133) ജാന്നെമന്‍ മലാന്‍ (57), ഏയ്ഡന്‍ മാര്‍ക്രം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു.
മത്സരത്തില്‍ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്റ്റോക്സിന് തിളങ്ങാനായില്ല. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 11 പന്തുകള്‍ മാത്രം നേരിട്ട സ്റ്റോക്സിന് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.
ഇംഗ്ലണ്ടിനായി ജേസന്‍ റോയ് (43), ജോണി ബെയര്‍സ്റ്റോ (63), ജോ റൂട്ട് (86) എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഇംഗ്ലണ്ട് 62 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.