IPL 2025: ധോണിയുടെ വജ്രായുധം ഇനി അവന്‍, 17 വയസില്‍ അരങ്ങേറ്റം, തുടരെ രണ്ട് സിക്‌സടിച്ച് വരവറിയിച്ചു, ഗെയ്ക്‌വാദിന് പകരം എത്തിയ ആയുഷ് മാത്രെ

വൈഭവ് സൂര്യവംശിക്ക് പിന്നാലെ ഐപിഎലില്‍ ഇന്നലെ എല്ലാവരുടെയും കണ്ണിലുടക്കിയ താരമായിരുന്നു 17കാരന്‍ ആയുഷ് മാത്രെ. മുംബൈ ഇന്ത്യന്‍സിനെതിരെ രചിന്‍ രവീന്ദ്ര പുറത്തായതിന് പിന്നാലെയാണ് താരത്തെ ധോണി ക്രീസിലേക്ക് അയച്ചത്. പവര്‍പ്ലേ ഓവറുകളില്‍ കത്തിക്കയറി ചെന്നൈയുടെ സ്‌കോര്‍ ഉയര്‍ത്തിയാണ് ആയുഷ് എല്ലാവരുടെയും കയ്യടി നേടിയത്. 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സാണ് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ആയുഷ് അടിച്ചുകൂട്ടിയത്‌. തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ടീം ബുദ്ധിമുട്ടുന്ന സമയത്ത് എത്തിയ താരം സിഎസ്‌കെ സ്‌കോര്‍ 57 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു പുറത്തായത്.

213.33 ആയിരുന്നു ഇന്നലത്തെ കളിയില്‍ ആയുഷ് മാത്രെയുടെ സ്‌ട്രൈക്ക് റേറ്റ്. അരങ്ങേറ്റ മത്സരത്തിന്റെ പേടിയൊന്നുമില്ലാതെ വളരെ കൂളായി നിന്നാണ് താരം കളിച്ചത്. കൈമുട്ടിന് പരിക്കേറ്റ് പുറത്തായ റിതുരാജ് ഗെയ്ക്വാദിന് പകരമാണ് ചെന്നൈ താരത്തെ ഇറക്കിയത്. ഇതുവരെയും ഫ്രൊഫഷണല്‍ ടി20 കളിക്കാതെയാണ് ആയുഷ് മാത്രെ ഐപിഎലിനെത്തിയത്. 2007ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ആയുഷിന്റെ ജനനം.

17 വയസും 278 ദിവസവും പ്രായമുളള സമയത്താണ് താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. മുംബൈ ടീമിനായി 2024-25 സീസണില്‍ ഇറാനി കപ്പില്‍ കളിച്ചാണ് അരങ്ങേറ്റം. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 504 റണ്‍സാണ് താരം നേടിയത്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ എഴ് ഇന്നിങ്‌സുകളില്‍ നിന്നായി രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 458 റണ്‍സും നേടിയിട്ടുണ്ട് ആയുഷ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ നാഗാലാന്‍ഡിനെതിരെ 181 റണ്‍സ് നേടിയതോടെ ഈ ഫോര്‍മാറ്റില്‍ 150 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും ആയുഷ് മാറി.

ഓഫ്‌ സ്പിന്നര്‍ കൂടിയായ ആയുഷ് വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ലേലത്തില്‍ 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആയുഷിനെ ആരും ടീമിലെടുത്തിരുന്നില്ല. ഇപ്പോള്‍ ചെന്നൈ 30 ലക്ഷം രൂപയ്ക്ക് തന്നെയാണ് താരത്തെ ടീമില്‍ എത്തിച്ചതെന്നാണ് സൂചന.

Read more