CSK UPDATES: ടീമിനെ നയിക്കുക ഒരു "യുവ വിക്കറ്റ് കീപ്പർ", ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തുവിട്ട വിഡിയോയിൽ ഋതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ

2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അവരുടെ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായ വാർത്ത ഇന്നലെ പുറത്തു വന്നു . ഒരു ക്യാപ്റ്റൻ മാത്രമല്ല, ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭാവത്തിൽ, സി‌എസ്‌കെയുടെ ടോപ്പ് ഓർഡർ കൂടുതൽ ദുർബലമായി കാണപ്പെടുന്നു എന്ന് പറയാം.

അദ്ദേഹത്തിന്റെ ബാറ്റിംഗ് പകരക്കാരനെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ശേഷിക്കുന്ന മത്സരങ്ങളിൽ എം‌എസ് ധോണി ആണ് ക്യാപ്റ്റൻസി ഏറ്റെടുക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ സി‌എസ്‌കെയുടെ ഹോം മത്സരത്തിന് മുമ്പ് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.

അതേ ദിവസം തന്നെ, സി‌എസ്‌കെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഒരു വീഡിയോ പുറത്തിറക്കി, അതിൽ ഗെയ്ക്‌വാദ് തന്റെ പരിക്കിനെക്കുറിച്ചും സീസൺ നഷ്ടമാകുമെന്നതിനെക്കുറിച്ചും ടീമിനെ ഒരു “യുവ വിക്കറ്റ് കീപ്പർ” നയിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.

“അതെ, ഇത് ഒരു വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു, പക്ഷേ ഇപ്പോൾ ടീമിനെ നയിക്കുന്ന ഒരു യുവ വിക്കറ്റ് കീപ്പറുണ്ട്, കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഡഗൗട്ടിൽ നിന്ന് അവരെ പിന്തുണയ്ക്കാൻ ഞാൻ ടീമിനൊപ്പം ഉണ്ടാകും. ഈ സാഹചര്യത്തിൽ നിന്ന് ടീമിനെ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. സീസണിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ താരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നു. നമ്മൾ നല്ല രീതിയിൽ സീസൺ ഫിനിഷ് ചെയ്യും” ഗെയ്ക്‌വാദ് സി‌എസ്‌കെയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

5 മത്സരങ്ങളിൽ നിന്ന് 4 തോൽവി നേരിട്ട ടീം നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിൽകുന്നത്.