CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

ഒരു കാലത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മോശം ബോളിങ് യൂണിറ്റ് ഉള്ള ടീമായിട്ട് ആയിരുന്നു ആർസിബി അറിയപ്പെട്ടിരുന്നത്. ഒരു ബോളർ പോലും പിശുക്ക് കാണിക്കാതെ വന്നവർക്കും പോയവർക്കും എല്ലാം ആവശ്യത്തിന് റൺ കൊടുത്ത് സംഭാവന ചെയ്യുന്ന ടീം ചെണ്ടകൾ എന്ന പേരിലാണ് ലീഗിൽ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്ന്മാന്മാർ എത്ര കഷ്ടപ്പെട്ട് റൺ അടിച്ചാലും അതുകൊണ്ട് ഒരു ഗുണവും ഇല്ലാത്ത പോലെ റൺ വാരി കോരി കൊടുത്ത് മത്സരം കൈവിട്ട് കളയുന്ന ടീമിലെ ബോളർമാർ ഈ കാലയളവിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടു.

എന്നിരുന്നാലും ഇത്തവണ നടക്കുന്ന പുതിയ സീസണിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി. ചെണ്ടകൾ ആയി ട്രോൾ കേട്ട ആർസിബി ബോളർമാർ ആ അവസ്ഥയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടപ്പോൾ പണ്ട് ആ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ആ ലിസ്റ്റിലേക്ക് വന്നിരിക്കുകയാണ്. അന്ന് ആർസിബി ചെണ്ടകൾ ആയിരുന്നെങ്കിൽ ഇന്ന് ചെന്നൈ നാസിക്ക് ഡോളുകളാണ്.

നൂർ അഹമ്മദ് എന്ന മിടുക്കനായ സ്പിന്നർ ഒഴികെ ബാക്കി താരങ്ങൾക്ക് ആർക്കും സ്ഥിരതയോടെ പന്തെറിയാൻ ഈ സീസണിൽ പന്തെറിയാൻ സാധിക്കുന്നില്ല. ഇന്ന് പഞ്ചാബിനെതിരെ നടന്ന മത്സരം ഉദാഹരമായി എടുക്കാം. 100 – 5 എന്ന നിലയിൽ നിന്നാണ് പഞ്ചാബ് 220 വരെ എത്തിയത്. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ മുന്നിൽ ആണെങ്കിലും ഖലീൽ അഹമ്മദ് ഇന്ന് വഴങ്ങിയത് 45 റൺസാണ്. 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരുപാട് മോശം പന്തുകൾ താരം ഇന്ന് എറിഞ്ഞു. 2 ഓവർ മാത്രം എറിഞ്ഞ മുകേഷ് ചൗധരി വഴങ്ങിയത് 21 റൺസ് ആണ്. 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും രവിചന്ദ്രൻ അശ്വിൻ 48 റൺ കൊടുത്തു. മറ്റൊരു മിടുക്കനായ ബോളറായ പാതിരാണ 4 ഓവറിൽ 52 റൺ വഴങ്ങി. ഇന്ന് മികച്ച രീതിയിൽ പന്തെറിഞ്ഞത് 3 ഓവറിൽ 18 റൺ മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ മാത്രമാണ്.

ഒരു ടീം ഒന്നോ രണ്ടോ ചെണ്ട ബോളറുമാറിയിട്ട് പോകുന്നത് കണ്ടിട്ട് ഉണ്ടെങ്കിലും ഒരു ടീം മുഴുവൻ അങ്ങനെ പോകുന്നത് കനത്ത കാഴ്ചയാണ്. 2019 നു ശേഷം ഇതുവരെ 180 റൺ അപ്പുറം ചെയ്‌സ് ചെയ്യാൻ പറ്റാത്ത ഒരു ബാറ്റിംഗ് നിര ഉള്ള ടീമാണ് ഇങ്ങനെ റൺ വഴങ്ങുന്നത് എന്നത് അവസ്ഥ കൂടുതൽ മോശമാക്കുന്നു.