CSK UPDATES: സൂക്ഷിച്ചോ ബാക്കി ടീമുകൾ ഒകെ ഒന്ന് കരുതി ഇരുന്നോ, ധോണി നായകനായി എത്തുമ്പോൾ അവൻ...; മുൻ ഇന്ത്യൻ നായകനെ പുകഴ്ത്തി സൗരവ് ഗാംഗുലി

ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സി‌എസ്‌കെ) നയിക്കാൻ ഇറങ്ങുമ്പോൾ എം‌എസ് ധോണി ബീസ്റ്റ് മോഡിൽ എത്തുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർണായക ഐ‌പി‌എൽ 2025 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ‌കെ‌ആർ) നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് ഗാംഗുലിയുടെ പ്രസ്താവനകൾ വന്നത്.

ഈ പരാമർശങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം, 2025 സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ധോണിയെ സി‌എസ്‌കെയുടെ ക്യാപ്റ്റനായി നിയമിച്ചു. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന്. ഐ‌പി‌എൽ 2024 ന് മുമ്പ് ധോണിയിൽ നിന്ന് സി‌എസ്‌കെയുടെ ക്യാപ്റ്റനായി ഗെയ്ക്‌വാദ് ചുമതലയേറ്റു.

എന്നിരുന്നാലും, കഴിഞ്ഞ വർഷം പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ പറ്റാതെ പോയ ടീം ഇത്തവണ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്. എന്തായാലും ഗാംഗുലി പറഞ്ഞ വാക്കുകൾ ഇങ്ങനെ- “എം.എസ്. ധോണിക്ക് ഇപ്പോഴും സിക്സറുകൾ അടിക്കാൻ കഴിയും, നമ്മൾ അത് കാണുന്നതാണ്. സി.എസ്.കെ.ക്ക് വേണ്ടി കളിക്കണമെങ്കിൽ, അദ്ദേഹം സി.എസ്.കെ.യുടെ ക്യാപ്റ്റനായിരിക്കണം. കാരണം, ക്യാപ്റ്റൻ എം.എസ്. ധോണി വ്യത്യസ്തനായ ഒരു മൃഗമാണ്. വ്യക്തമായും, അദ്ദേഹത്തിന് 43 വയസ്സായി, 2005 ൽ ഞാൻ കണ്ട എം.എസ്. ധോണിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല, അത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, അദ്ദേഹത്തിന് ഇപ്പോഴും നന്നായി കളിക്കാനുള്ള കഴിവ് ഉണ്ട്.”

അദ്ദേഹം തുടർന്നു:

“കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ അദ്ദേഹം കളിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹം കുറച്ച് സിക്സറുകൾ അടിച്ചു. അദ്ദേഹത്തിന്റെ എല്ലാ അനുഭവങ്ങളും, അദ്ദേഹം നേടിയ നേട്ടങ്ങളും ഉപയോഗിച്ച്, അദ്ദേഹം കളിയെ മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്നു.”

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒട്ടുമിക്ക ക്യാപ്റ്റൻസി റെക്കോഡുകളും കൈവശമുള്ള താരം ഒരിക്കൽകൂടി ക്യാപ്റ്റൻ ആകുമ്പോൾ എന്ത് മാജിക്ക് സംഭവിക്കും എന്നുള്ളത് കണ്ടറിയണം.

Read more