CSK VS LSG: ഏറെ നാളുകൾക്ക് ശേഷം ആ ഫിനിഷിങ് കണ്ട മഹത്തായ ദിവസം, ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ധോണിയിലെ മാന്ത്രികൻ; കളിയിലെ ട്വിസ്റ്റ് ആയത് ആ കാര്യം

ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്ന് ലക്നൗവിനെതിരായ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് എത്താതെ പുറത്താകുമെന്ന അവസ്ഥ ആയിരുന്നു . എന്തായാലും അത് ഉണ്ടായില്ല. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയർത്തിയ 167 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19 . 3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ 7 മത്സരങ്ങളിൽ നിന്ന് രണ്ടാമത്തെ ജയവുമായി ചെന്നൈ പ്രതീക്ഷ നിലനിർത്തി.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ധോണിക്ക് പിഴച്ചില്ല. സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ എയ്ഡൻ മാർക്രം (6), നിക്കോളാസ് പുരാൻ (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. മാർക്രമിനെ ഖലീൽ അഹമ്മദ് മടക്കിയപ്പോൾ, അപകടകാരിയായ പുരാൻ അൻഷൂൽ കാംബോജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് മിച്ചൽ മാർഷ് (25 പന്തിൽ 30) – പന്ത് സഖ്യം 50 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് മത്സരം പിടിക്കുമെന്ന് തോന്നിച്ചപ്പോൾ മാർഷിനെ മടക്കി ജഡേജ ടീമിനെ മത്സരത്തിൽ തിരികെ എത്തിച്ചു . എന്നാൽ സീസണിൽ ഇതുവരെ തിളങ്ങാതിരുന്ന 49 പന്തിൽ 63 റൺസെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നൈ മറുപടി ആവേശകരമായിരുന്നു. ഓപ്പണർമാരായ ഷെയ്ക് റഷീദ് (19 പന്തിൽ 27), രചിൻ രവീന്ദ്ര (22 പന്തിൽ 37) എന്നിവർ നല്ല തുടക്കം നൽകിയപ്പോൾ ഇവർക്ക് പിന്നാലെ എത്തിയ രാഹുൽ ത്രിപാഠി ( 9 ) രവീന്ദ്ര ജഡേജ (7 ) വിജയ് ശങ്കർ (9 ) എന്നിവർ മടങ്ങിയപ്പോൾ ശിവം ദുബൈക്ക് ഒപ്പം ക്രീസിൽ എത്തിയ ധോണിക്ക് ചില പദ്ധതി ഉണ്ടായിരുന്നു. താൻ പുറത്തായാൽ ടീം തകരുമെന്ന് മനസിലായ താരം കരുതിയാണ് തുടങ്ങിയത്. എന്നാൽ ശിവം ദുബൈ സമ്മർദ്ദത്തിലായി തുടങ്ങി എന്ന് മനസിലാക്കിയ ധോണി ആവേഷ് ഖാൻ എറിഞ്ഞ മത്സരത്തിന്റെ 16 ആം ഓവറിൽ രണ്ട് ബൗണ്ടറികൾ നേടി ടീമിന് പ്രതീക്ഷകൾ വീണ്ടും നൽകി.

തൊട്ടടുത്ത ഓവറിൽ അതായത് 17 ആം ഓവറിൽ, താക്കൂർ എറിഞ്ഞ രണ്ടാം പന്തിൽ ബൗണ്ടറി നേടിയ ദുബൈ താനും കൂൾ ആയി വരുന്നു എന്ന സൂചന നൽകി. ആ ഓവറിന്റെ അവസാന പന്തിൽ ധോണി മിഡ്‌വിക്കറ്റിന് മുകളിലൂടെ താരത്തെ വൺ ഹാൻഡ് സിക്സിന് പറത്തി കളി തങ്ങളുടെ കൈയിൽ ആണെന്ന് ഉറപ്പിച്ചു. ശേഷം ആവേഷ് എറിഞ്ഞ 18 ആം ഓവറിൽ 7 റൺ മാത്രമാണ് ടീമിന് നേടാനായത്.

ഇതോടെ അവസാന 2 ഓവറിൽ 24 റൺ വേണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. എന്നാൽ നിർണായകമായ 19 ആം ഓവർ എറിഞ്ഞ താക്കൂറിന്റെ പിഴച്ചപ്പോൾ ധോണി- ദുബൈ സഖ്യം 19 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നെ കാര്യങ്ങൾ എല്ലാം വെറും ചടങ്ങ് പോലെ അവസാനിച്ചു. അവസാന ഓവറിന്റെ മൂന്നാം പന്തിൽ ബൗണ്ടറി നേടി ദുബൈ ചെന്നൈ ആരാധകർ ആഗ്രഹിച്ച ജയം സമ്മാനിച്ചു. 57 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ദുബൈ- ധോണി സഖ്യം സ്ഥാപിച്ചത്. ഇതിൽ ധോണിയുടെ കൂൾ ബാറ്റിങ്ങും സാഹചര്യം നോക്കിയുള്ള കളിയുമാണ് സമർദ്ദത്തിലായ ദുബൈ( 37 പന്തിൽ 46 ) സഹായിച്ചത്.

11 പന്തിൽ 26 റൺ നേടിയ ധോണി 4 ബൗണ്ടറിയും 1 സിക്‌സും നേടി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ബോളിങ് സമയത്ത് ക്യാച്ചും സ്റ്റമ്പിങ്ങും ഗംഭീര റണ്ണൗട്ടുമായി കളം നിറഞ്ഞ ധോണിക്ക് അർഹതപ്പെട്ട സമ്മാനം തന്നെയായി അവാർഡ് .