CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ

18 കോടി രൂപയ്ക്ക് ആണ് ലേലത്തിൽ യുസ്‌വേന്ദ്ര ചാഹലിനെ പഞ്ചാബ് കിംഗ്‌സ് ടീമിലേക്ക് ഉൾപ്പെടുത്തിയത്. എന്നിരുന്നാലും, സ്പിന്നർ സീസണിൽ ഇതുവരെ ഫോമിൽ എത്തിയിട്ടില്ല. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ അദ്ദേഹം ഒരു ഓവർ മാത്രമേ എറിഞ്ഞുള്ളൂ. ഇന്നിംഗ്‌സിന്റെ 17-ാം ഓവർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ അദ്ദേഹത്തിന് നൽകി, ഡെവൺ കോൺവേയ്ക്കും എംഎസ് ധോണിക്കും മുന്നിൽ ബൗളർ 9 റൺസ് വഴങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായ ചാഹലിന് ടീം മാനേജ്‌മെന്റിന്റെ വിശ്വാസത്തെ ന്യായീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് പറയാം. എന്തുകൊണ്ടാണ് താരത്തിന് ഇന്നലെ ഒരു ഓവർ മാത്രാമാണ് നൽകിയതെന്ന് ഇന്നലെ ആരാധകർ അടക്കം സോഷ്യൽ മീഡിയയിൽ ചോദിച്ചിരുന്നു. എന്തായാലും അതിന് പിന്നിലെ കാരണം അയ്യർ വെളിപ്പെടുത്തിയിരിക്കുകയാണ്.

“ശിവം ദുബെയ്ക്ക് മുന്നിൽ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കരുതെന്നത് ഞാൻ തീരുമാനിച്ചിരുന്നു. അതിനാലാണ് സീം ബോളർമാർക്ക് അവസരം നൽകിയത്. സ്പിന്നർമാർക്കെതിരെ ദുബെയ്ക്ക് നീണ്ട സിക്സറുകൾ അടിക്കാൻ കഴിയും, അതിനാൽ ചഹലിനെ അകറ്റി നിർത്തേണ്ടത് പ്രധാനമായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഫ്രാഞ്ചൈസിയുടെ ഫീൽഡിംഗ് നിലവാരത്തെക്കുറിച്ചും ശ്രേയസ് പരാമർശിച്ചു. പഞ്ചാബ് കിംഗ്സ് ഇന്നലെ നാല് ക്യാച്ചുകൾ കൈവിട്ടിരുന്നു “എല്ലാം സെറ്റ് ആയി വരുന്നതേ ഉള്ളു. അത് കസ്‌ജിജ്ഞ; കളിക്കാർ ക്യാച്ചുകൾ എടുക്കാൻ തുടങ്ങും. ഫീൽഡിംഗ് സമയത്ത് ഞങ്ങൾ നന്നായി പ്രവർത്തിക്കേണ്ടിവരും, ഞങ്ങളുടെ ഗ്രൂപ്പ് ക്യാച്ചിംഗിൽ ഞങ്ങൾ പ്രവർത്തിക്കും. ഞങ്ങൾ ഇതുവരെ മികച്ച ക്രിക്കറ്റ് കളിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന പോരിൽ പഞ്ചാബ് ഉയർത്തിയ 220 റൺസ് ലക്‌ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.