CT 2025: ഇന്ത്യ ഭയക്കുന്നത് ആ താരത്തെയാണ്, അവൻ എപ്പോഴും രോഹിതിന് തലവേദനയാണ്: ദിനേശ് കാർത്തിക്

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് ഇന്ന് തുടക്കമായി. ആദ്യ മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് നടക്കുന്നത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ന്യുസിലാൻഡിനെതിരെ കളിച്ച അതേ സ്ക്വാഡുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് പ്രധാന വെല്ലുവിളിയാകുന്നു താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്.

ദിനേശ് കാർത്തിക് പറയുന്നത് ഇങ്ങനെ:

” ഏത് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ട്രാവിസ് ഹെഡ്. തീര്‍ച്ചയായും ഇന്ത്യ ആ വിക്കറ്റ് വീഴ്ത്താനായിരിക്കും ശ്രദ്ധിക്കുക. കാരണം ഹെഡിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്തിയാല്‍ കളിയുടെ ബാക്കി ഭാഗങ്ങള്‍ അവര്‍ക്ക് വളരെ എളുപ്പമാകും. കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയ പരമ്പര, ലോകകപ്പ് ഫൈനല്‍, ഏത് വലിയ മത്സരമായാലും അദ്ദേഹം നിര്‍ണായക സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ജയിക്കുന്നതിനും തോല്‍ക്കുന്നതിനും ഇടയിലുള്ള വ്യത്യാസമാണ് ഹെഡ്” ദിനേശ് കാർത്തിക് പറഞ്ഞു.

മിക്ക ഐസിസി ടൂർണമെന്റുകളിലും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് സെമി ഫൈനൽ, ഫൈനൽ എന്നി റൗണ്ടുകളിൽ ഏറ്റുമുട്ടുന്നത്. പക്ഷെ അപ്പോഴെല്ലാം നിരാശയായിരുന്നു ഇന്ത്യക്ക് ഫലം. 2023 ഏകദിന ലോകകപ്പ് വിജയിച്ച് ചാമ്പ്യന്മാരായത് ഓസ്‌ട്രേലിയയായിരുന്നു. അതിനുള്ള മറുപടി ചാമ്പ്യൻസ് ട്രോഫി കിരീടം നേടി രോഹിതും സംഘവും കൊടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Read more

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.